ധര്‍മ്മസ്ഥയിലെ ഹിന്ദുക്ഷേത്രത്തിനും അതിന്റെ ഭരണാധികാരികള്‍ക്കും നേരെ നുണക്കഥകള്‍ പറഞ്ഞ മുഖംമൂടി മനുഷ്യന് വേണ്ടി വാദിക്കാന്‍ എത്തിയ സുപ്രീംകോടതി അഭിഭാഷകന്‍ കെ.വി. ധനഞ്ജയിനെയും സംഘത്തെയും അറസ്റ്റ് ചെയ്യണമെന്ന് പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ട് ധര്‍മ്മസ്ഥല പ്രദേശവാസി. ധര്‍മ്മസ്ഥല പ്രദേശവാസികളുടെ പ്രതിനിധി എന്ന നിലയ്‌ക്കാണ് രാജേന്ദ്ര അജ് രി ധര്‍മ്മസ്ഥലയിലെ കള്ളക്കഥ ചമച്ചതിന് പിന്നിലുള്ളവരെ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം മുമ്പാകെ എത്തിയത്. രാജേന്ദ്ര അജ് രി എന്ന വ്യക്തിയാണ് കെ.വി. ധനഞ്ജയിനും അദ്ദേഹത്തിനൊപ്പം ഈ കേസില്‍ ഇടപെട്ട മറ്റ് അഭിഭാഷകര്‍ക്കും എതിരെ പ്രത്യേക അന്വേഷണസംഘത്തിന് പരാതി നല്‍കിയത്.
കെ.വി. ധനഞ്ജയിന് പുറമെ മുഖംമൂടി മനുഷ്യന് കോടതിയുടെ സംരക്ഷണം നല്‍കാന്‍ മുന്‍കയ്യെടുത്ത മറ്റ് അഭിഭാഷകരായ ഡിവിന്‍, ഒജസി ഗൗഡ, സച്ചിന്‍ ദേശ് പാണ്ഡെ എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. ധര്‍മ്മസ്ഥലയില്‍ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീകളുടെ മൃതദേഹം കൂട്ടത്തോടെ മറവു ചെയ്ത ആരോപണവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും കെ.വി. ധനഞ്ജയിനെ ഏല്‍പിച്ചതായി മുഖംമൂടി മനുഷ്യന്‍ പറഞ്ഞിട്ടുള്ളതായി രാജേന്ദ്ര അജ് രി ആരോപിക്കുന്നു.
തെറ്റായ വിവരങ്ങള്‍ നല്കിയതിന്റെ പേരില്‍ മുഖംമൂടി മനുഷ്യനായ ശുചീകരണത്തൊഴിലാളികളെ അറസ്റ്റ് ചെയ്തെങ്കില്‍, തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വാദിക്കാനെത്തിയ ഈ അഭിഭാഷകരെയും അറസ്റ്റ് ചെയ്യണമെന്ന് രാജേന്ദ്ര അജ് രി പ്രത്യേക അന്വേഷണസംഘത്തോട് ആവശ്യപ്പെട്ടു. ഈ അഭിഭാഷകരുടെ കയ്യില്‍ മുഖംമൂടി മനുഷ്യന്റെ കയ്യിലുള്ളതിനേക്കാള്‍ കൂടുതല്‍ വ്യാജരേഖകള്‍ ഉണ്ട്. ഇത് പിടിച്ചെടുക്കാനും വാര്‍ത്താസമ്മേളനത്തില്‍ രാജേന്ദ്ര അജ് രി ആവശ്യപ്പെട്ടു.
നീതിയുടെ കാവലാള്‍മാരായി ആദ്യം എത്തി, ഒടുവില്‍ കണ്ടം വഴി ഓടി
കെ.വി.ധനഞ്ജയ് പ്രമുഖ സുപ്രീംകോടതി അഭിഭാഷകനാണ്. ഒരൊറ്റ സിറ്റിംഗിന് ലക്ഷങ്ങളുടെ ഫീസ് വാങ്ങുന്ന ആളാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം അഭിഭാഷകര്‍ എത്തിയപ്പോള്‍ ആര്‍ക്കും സംശയം തോന്നിയില്ല. പ്രതി ധര്‍മ്മസ്ഥലയിലെ ക്ഷേത്രവുമായി ബന്ധപ്പെട്ടവര്‍ തന്നെ എന്ന് എല്ലാവരും കരുതി. അത്രയ്‌ക്ക് ഉറച്ച ചുവടുകളുമായാണ് ഇവര്‍ എത്തിയത്. മാത്രമല്ല, ധര്‍മ്മസ്ഥലയില്‍ എത്തിയ പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ജഡങ്ങള്‍ കൂട്ടത്തോടെ മറവു ചെയ്തു എന്ന നുണയനായ ശുചീകരണത്തൊഴിലാളിയായ ചിന്നയ്യയെ കൂട്ടി മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി സാക്ഷിയുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാനുള്ള കോടതിയുടെ അനുമതി (വിറ്റ് നെസ് പ്രൊട്ടക്ഷന്‍) പോലും ഇവര്‍ അനായാസം വാങ്ങിക്കൊടുത്തു. 164 പ്രകാരം സത്യം മാത്രമേ പറയൂ എന്ന് മജിസ്ട്രേറ്റിന് മുന്‍പില്‍ സത്യം ചെയ്യുക വഴിയാണ് സാക്ഷിയായ ശുചീകരണത്തൊഴിലാളിയായ ചിന്നയയ്‌ക്ക് പൊതുജനത്തിനും പൊലീസിനും മുന്‍പാകെ മുഖംമറച്ച് പ്രത്യക്ഷപ്പെടാന്‍ അധികാരം ലഭിച്ചത്.
പക്ഷെ മുഖം മൂടി മനുഷ്യന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്ന് ബോധ്യമായതോടെ, അയാള്‍ കാട്ടിക്കൊടുത്ത 13 പ്ലോട്ടുകളും അഞ്ചോളം അധികപ്ലോട്ടുകളും എട്ടടിയോളം താഴ്ചയില്‍ കിളച്ചുമറിച്ചിട്ടും യാതൊരു അസ്ഥികൂടങ്ങളും കിട്ടാതായതോടെയാണ് കള്ളി വെളിച്ചത്തായത്. തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം സാക്ഷിയായ മുഖംമൂടി മനുഷ്യനെ അറസ്റ്റ് ചെയ്തു. ഏറ്റവുമൊടുവില്‍ ഇയാളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കേസിന്റെ തുടക്കത്തില്‍ മുഖംമൂടിമനുഷ്യന് വേണ്ടി വാദിച്ച കെ. വി. ധനഞ്ജയോ, മറ്റ് ജൂനിയര്‍ അഭിഭാഷകരോ കോടതിയില്‍ എത്തിയില്ലെന്നതാണ് ഞെട്ടിക്കുന്ന സംഭവവികാസം.
മുഖംമൂടി മ നുഷ്യന് വേണ്ടി വാദിക്കാന്‍ കെ.വി. ധനഞ്ജയ് എത്തിയില്ല
ചിന്നയ്യ എന്ന മുഖംമൂടി മനുഷ്യനെ സെപ്തംബര്‍ ആറ് വരെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വെയ്‌ക്കാന്‍ ഉത്തരവായിട്ടുണ്ട്. ഏറ്റവും തമാശ, ഇക്കുറി മുഖംമൂടിമനുഷ്യനായ ചിന്നയ്യയ്‌ക്ക് വേണ്ടി ഹാജരാവാന്‍ വിവാദത്തിന്റെ തുടക്കത്തില്‍ രംഗത്തിറങ്ങിയ കെ.വി.ധനഞ്ജയോ സഞ്ജയ് ദേശ് പാണ്ഡെയോ ഒജസി ഗൗഡയോ ഡിവിനോ അനന്യ ഗൗഡയോ മഞ്ജുനാഥോ എത്തിയില്ലെന്നതാണ്. ഇതോടെ ചിന്നയയ്‌ക്ക് വേണ്ടി വാദിക്കാന്‍ കേസിലെ പ്രതികള്‍ക്ക് സഹായം നല്‍കുന്ന ലീഗല്‍ സെല്ലില്‍ നിന്നും മൂന്ന് അഭിഭാഷകരുടെ സഹായം കോടതി തേടിയിട്ടുണ്ട്.