
ന്യൂദൽഹി: രാജ്യത്ത് നിന്ന് നക്സലുകളെ ഉന്മൂലനം ചെയ്യുക എന്ന ദൗത്യം അതിന്റെ ഉച്ചസ്ഥായിയിലെത്തിയതായി സിആർപിഎഫ് ഡയറക്ടർ ജനറൽ ജി.പി. സിംഗ്. സേനയുടെ 87-ാമത് സ്ഥാപക ദിന പരേഡിനോട് അനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2026 ൽ ഇതുവരെ ആറ് സംസ്ഥാനങ്ങളിലായി മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട 57 ആയുധശേഖരങ്ങളും സ്ഫോടകവസ്തുക്കളും സിആർപിഎഫ് പിടിച്ചെടുത്തു. കൂടാതെ 101-ലധികം ആയുധങ്ങളും സ്ഫോടകവസ്തുക്കളും ഐഇഡി നിർമ്മാണ ഉപകരണങ്ങളും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു.
ഇതിനു പുറമെ ഛത്തീസ്ഗഢ്, ജാർഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ബീഹാർ, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നടത്തിയ റെയ്ഡുകളിൽ അർദ്ധസൈനിക വിഭാഗം 52 ഐഇഡികൾ, 405 കിലോഗ്രാം സ്ഫോടകവസ്തുക്കൾ, 1,093 ഡിറ്റണേറ്ററുകൾ, വിവിധ തരം തോക്കുകൾ (എകെ-47, ഇൻസാസ്, .303, നാടൻ നിർമ്മിതം) എന്നിവ കണ്ടെടുത്തു. കൂടാതെ വിമത പ്രത്യയശാസ്ത്രത്തോടുള്ള അനുകമ്പ തടയുന്നതിനായി 2026 ൽ ഇതുവരെ വനങ്ങളിൽ മാവോയിസ്റ്റുകൾ നിർമ്മിച്ചതായി പറയപ്പെടുന്ന 175 സ്മാരകങ്ങളും സൈന്യം തകർത്തതായും ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടാതെ മറ്റ് അന്വേഷണ ഏജൻസികളുമായി ഏകോപിപ്പിച്ച് സേന പ്രവർത്തിക്കുന്നുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കുക എന്ന സർക്കാരിന്റെ ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നാല് ഉന്നത നക്സലൈറ്റ് നേതാക്കൾ അവശേഷിക്കുന്നു
സിആർപിഎഫും ഛത്തീസ്ഗഢ് പോലീസ് ഉദ്യോഗസ്ഥരും പറയുന്നത് നക്സലൈറ്റുകളുടെ ഉന്നത കേന്ദ്ര കമ്മിറ്റിയെയും പൊളിറ്റ് ബ്യൂറോ അംഗങ്ങളെയും പ്രതിനിധീകരിക്കുന്ന നാല് ഉന്നത നക്സലൈറ്റ് നേതാക്കൾ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്നാണ്. അവരിൽ ഏറ്റവും കൂടുതൽ തിരയപ്പെടുന്ന ദേവണ്ണ എന്ന ചേതനും ഉൾപ്പെടുന്നു. തെലങ്കാനയിൽ നിന്നുള്ള ദേവ്ജിയുടെ നീക്കങ്ങൾ ഛത്തീസ്ഗഢ്-തെലങ്കാന അതിർത്തി വരെ കണ്ടെത്തിയിട്ടുണ്ട്.
അതേ സമയം മാർച്ച് 31 നകം രാജ്യത്ത് നിന്ന് നക്സലിസം ഇല്ലാതാക്കാൻ ആഭ്യന്തരമന്ത്രി അമിത് ഷാ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സിആർപിഎഫ് ഡയറക്ടർ ജനറലിന്റെ പ്രസ്താവന.