
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് നടക്കുന്നത് തികച്ചും അവാസ്തവമായ ചില പ്രചാരണങ്ങൾ മാത്രമാണെന്ന് തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ വാർത്താക്കുറിപ്പ്. ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഇവർ ഒഴിവാവുകയായിരുന്നെന്നും കുറിപ്പിൽ പറയുന്നു.
ഇവന്റ് മാനേജ്‌മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്‌മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് സംഗീതജ്ഞനായ ഇഷാൻ ദേവ്‌നെ സമീപിച്ചു.ചുരുങ്ങിയ സമയത്തിനുള്ളിൽ 25ലധികം കലാകാരന്മാരും 10ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി എട്ടുലക്ഷം രൂപയാണ് ചെലവായതെന്നും വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു.
കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ല. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം.
ദേവസ്വം ഓഡിറ്റ് റിപ്പോർട്ടിലോ, സ്‌പെഷ്യൽ കമ്മീഷണർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലോ മുഖ്യമന്ത്രിക്ക് കട്ടിൽ വാങ്ങാൻ തുക ചെലവഴിച്ചു എന്ന ഒരു പരാമർശവും ഇല്ലെന്നും വാർത്താകുറിപ്പിൽ പറയുന്നുണ്ട്. സ്പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയിൽ നൽകിയ കണക്കുകൾ അവെയിലബിൾ ബില്ലുകൾ അനുസരിച്ചുള്ളതാണെന്നും ബില്ലുകൾ എല്ലാം ലഭിക്കുമ്പോൾ യഥാർത്ഥ കണക്കുകൾ വ്യക്തമാകും എന്നും ബോർഡ് പറയുന്നുണ്ട്.