ദേശീയ അസി. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനാൽ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ചുമതല കൈമാറിയതുമായി ബന്ധപ്പെട്ട് അഡ്വ. ഫൈസൽ ബാബുവിന്റെ വൈകാരിക കുറിപ്പ്:
ആസിഫ് അൻസാരിയും ഞാനും IUML National Asst. Secretary പദവിയിൽ തെരഞ്ഞെടുക്കപ്പെട്ട കാരണം യൂത്ത് ലീഗ് പ്രസിഡണ്ട്/ ജന. സെക്രട്ടറി പദവികൾ പുതിയ ടീമിന് ഔദ്യോഗികമായി കൈമാറി. 2017 ലാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ ഭാഗമാകുന്നത്. മുൻമാതൃകകൾ ഒന്നുമില്ലായിരുന്നു ഞങ്ങൾക്ക് മുന്നിൽ. കലുഷിതമായ ഒരു കാലമായിരുന്നു. അത്രമേൽ പരിമിതമായ വിഭവങ്ങളുമായി ഞങ്ങൾ നടന്നു തുടങ്ങി. സാബിർ ഗഫാറും സി കെ സുബൈറും നയിച്ച കമ്മിറ്റിയിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പദവി വിട്ട് ദേശീയ വൈസ് പ്രസിഡന്റ് ആയിട്ടായിരുന്നു തുടക്കം. പിന്നീട് ദേശീയ കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി പദവി ഏറ്റെടുത്തു.
മുസ്ലിം ലീഗിന് ശക്തമായ സാന്നിധ്യവും സ്വാധീനവും വിഭവങ്ങളും ഉള്ള കേരളത്തിലെ സംഘടന പ്രവർത്തന രീതികളൊന്നും പുതിയ മേഖലകളിൽ നടപ്പാക്കുവാൻ കഴിയുമായിരുന്നില്ല. ഒട്ടും കാത്തിരിക്കാനും കഴിയുമായിരുന്നില്ല. ക്രൂരമായ ആൾക്കൂട്ട കൊലപാതകങ്ങൾ നിത്യ സംഭവങ്ങളായ കാലം. ഫാസിസ്റ്റു ഭരണകൂടം അതിന്റെ വംശീയ നിയമ നിർമാണങ്ങൾ തുടർച്ചയായി നടത്തിയ കാലം. ബുൾഡൊസർ രാജിലൂടെ ആയിരങ്ങളെ തെരുവിലേക്കേറിഞ്ഞ കാലം.
അങ്ങനെയൊരു കാലത്ത് ഒരു യുവജന സംഘടനയെ നയിക്കുക എന്നത് ചെറിയ ഒരു ഉത്തരവാദിത്വമായിരുന്നില്ല.
അധികാരത്തിന്റെ യന്ത്രക്കൈകൾ പാവം മനുഷ്യ ജീവിതങ്ങൾക്ക് നേരെ ഉയർന്ന ഒരു സന്ദർഭത്തിലും നമ്മൾ നിശബ്ദരാ യില്ല. മൗനം പാലിച്ചില്ല. പ്രതിരോധത്തിന്റെ, കരുതലിന്റെ, സംരക്ഷണത്തിന്റെ, കവചമാകാൻ ആവുന്നത്ര നമ്മൾ ശ്രമിച്ചു. നിങ്ങളുടെ ഒക്കെ പ്രതിനിധിയായി അവിടെയൊക്കെ ഓടിയെത്തൻ ശ്രമിച്ചു.
എത്രയോ പതിറ്റാണ്ടു കാലം ജീവശ്വാസം പോലെകൊണ്ട് നടന്ന വികാരം. മുസ്ലിം യൂത്ത് ലീഗ്. യുവജന സംഘടന പ്രവർത്തനത്തിന്റെ ഒരു കാലം. മുസ്ലിം ലീഗ് ദേശീയ ഭാരവാഹി ആയി തിരഞ്ഞെടുക്കപ്പട്ടത് മുതൽ എത്രയും പെട്ടെന്ന് യുത്ത് ലീഗ് ചുമതല സഹപ്രവർത്തകർക്കു കൈമാറണം എന്നാഗ്രഹിച്ചിരുന്നു. പാർട്ടിയോട് അത് പറയുകയും ചെയ്തിരുന്നു. ഇന്നത്തോടെ ആ ദൗത്യം പൂർത്തിയാക്കുകയാണ്.
യൂത്ത് ലീഗിന്റെ ഉത്തരവാദിത്വങ്ങൾ പ്രിയ സഹപ്രവർത്തർക്ക് കൈ മാറിയിരിക്കുന്നു.
അന്ന് ഈ യാത്ര ആരംഭിച്ച കാലം മുതൽ കൂടെയുള്ളവർ. പ്രിയപ്പെട്ട സർഫറാസും, ടി പി അഷ്റഫലിയും, ഷിബു മീരാനും തന്നെയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയെ നയിക്കാനേത്തുന്നത് എന്നത് സ്വകാര്യമായ സന്തോഷമാവുകയാണ്. ഉത്തരേന്ത്യയിലേക്കുള്ള ഒരുപാടു യാത്രകളിലെ അനിശ്ചിതത്വങ്ങളും, ആശങ്കകളും, പ്രതിബന്ധങ്ങളും, പ്രയാസങ്ങളും ഒരുമിച്ചാനുഭവിച്ചവരാണ് ഞങ്ങൾ.
വിമാനത്തിൽ നിന്നുള്ള സെൽഫികൾ പോസ്റ്റ് ചെയ്ത് ആരംഭിച്ച യാത്രകൾ പലതും കൺഫേം ടിക്കറ്റ് ഇല്ലാത്ത ട്രെയിനുകളിലും, തിരക്കേറിയ പ്ലാറ്റഫോമുകളിലും, ഈ റിക്ഷകളിലും ഒക്കെയായി പുരോഗമിച്ചു ഒടുവിൽ മടങ്ങിയെത്തുമ്പഴേക്കും ശരീരം നന്നായി ക്ഷീണിച്ചുണ്ടാകും. പക്ഷെ ഒരിക്കൽ പോലും മനസ്സ് തളരാതെ അടുത്ത യാത്രക്ക് തയ്യാറെടുക്കാൻ എനിക്കും സി കെ സുബൈറിനും ഷിബുവിനുമൊക്കെ പ്രചോദനമായത് ഞങ്ങൾക്കിടയിലുണ്ടായിരുന്ന മനോഹരമായ സൗഹൃദമായിരുന്നു. അല്ല കറകളഞ്ഞ ബ്രദർഹുഡായിരുന്നു.
പ്രസിഡന്റ് ആയി വരുന്ന മീററ്റ് സ്വദേശി സർഫറാസും ഈ യാത്രകൾക്കിടയിൽ നമ്മൾ കണ്ടെത്തിയ സംഘടകനാണ് എന്നത് അഭിമാനകരമാണ്.
പ്രിയ സുഹൃത്തുക്കൾക്ക് എല്ല ആശംസകളും… ഇന്ന് വരെ കൂടെ നിന്ന ആസിഫ് അൻസാരിക്കും മറ്റു ഭാരവാഹികൾക്കും നന്ദി…. യാത്രകളൊന്നും അവസാനിക്കുന്നില്ല… തുടങ്ങി വച്ച സമരങ്ങളൊന്നും നിലക്കുന്നില്ല… ദൗത്യങ്ങളൊന്നും പാതിയിൽ ഉപേക്ഷിക്കുന്നുമില്ല… മുസ്ലിം ലീഗ് ദേശീയ ഭാരവാഹി എന്ന നിലയിൽ വരും നാളുകളിലും അതൊക്കെ തുടരും.. പ്രിയപ്പെട്ട കൂട്ടുകാരോടൊപ്പം തന്നെ.
…..
വികെ ഫൈസൽ ബാബു
ദേശീയ അസി. സെക്രട്ടറി
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്