തിരുവനന്തപുരം: നടന്‍ സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിന് അതൃപ്തി. പാര്‍ട്ടിയോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതില്‍ എല്‍ഡിഎഫ് നേതൃത്വത്തെ അതൃപ്തി അറിയിച്ചു. കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലെ തീരുമാന പ്രകാരമാണ് എല്‍ഡിഎഫിനെ അതൃപ്തി അറിയിച്ചത്. യോഗത്തില്‍ മുന്‍ എം എല്‍ എ ആന്റണി രാജു പങ്കെടുത്തില്ല.
ജനാധിപത്യ കേരളാ കോണ്‍ഗ്രസിന് അനുവദിച്ച സീറ്റില്‍ സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് കഴിയാത്തതിനാലാണ് പൊതു സമ്മതനെ മത്സരിപ്പിക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചത്. ഈ സാഹചര്യത്തിലാണ് സിനിമാതാരം സുധീര്‍ കരമനയെ സ്ഥാനാര്‍ഥിയായി എല്‍ഡിഎഫ് പ്രഖ്യാപിച്ചത്.
നിലവിലെ എംഎല്‍എ ആന്റണി രാജു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അയോഗ്യനായി. വിധി മരവിപ്പിക്കാന്‍ ആന്റണിരാജു ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. പകരം മറ്റ് ചില പേരുകള്‍ അദ്ദേഹം മുന്നോട്ട് വച്ചെങ്കിലും സിപിഎം നേതൃത്വം അംഗീകരിച്ചില്ല.