• Fri. Dec 12th, 2025

24×7 Live News

Apdin News

നടിയെ ആക്രമിച്ച കേസില്‍ പ്രതികൾക്ക് 20 വർഷത്തെ കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ

Byadmin

Dec 12, 2025



കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികൾക്ക് 20 വർഷത്തെ തടവും 50,000 രൂപ പിഴയും ശിക്ഷ. എറണാകുളം സെഷന്‍സ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് വിധി പറഞ്ഞത്. കൂട്ടബലാത്സംഗത്തിന് ലഭിക്കാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയാണിത്. പ്രതികളുടെ ശിക്ഷാവാദം ഉച്ചയ്‌ക്ക് മുമ്പ് പൂർത്തിയായിരുന്നു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം.

ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി തമ്മനം മണി എന്ന ബി.മണികണ്ഠന്‍, നാലാം പ്രതി വി.പി.വിജീഷ്, അഞ്ചാം പ്രതി വടിവാള്‍ സലിം എന്ന എച്ച്.സലിം, ആറാം പ്രതി പ്രദീപ് എന്നിവരാണ് ആറ് പ്രതികള്‍. ഒന്നാം പ്രതി പൾസർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. മാത്രമല്ല, പ്രതികളുടെ റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്ന് കുറയ്‌ക്കും.

പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു.

വാദത്തിനിടയില്‍ പ്രതികളില്‍ പലരും പൊട്ടിക്കരയുകയും ശിക്ഷാ ഇളവ് വേണമെന്നും കോടതിയോട് അപേക്ഷിച്ചു. ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിതെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു.

പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. നീണ്ട വാദമായിരുന്നു കോടതിയില്‍ ഇന്ന് നടന്നത്. 11.30 ന് തുടങ്ങിയ പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റയും വാദം അവസാനിക്കുമ്പോള്‍ ഒരു മണിയോടെയടുത്തു.

By admin