• Mon. Dec 8th, 2025

24×7 Live News

Apdin News

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തൻ; പൾസർ സുനി ഉൾപ്പടെ ഒന്നു മുതൽ ആറു വരെയുള്ള പ്രതികൾ കുറ്റക്കാർ

Byadmin

Dec 8, 2025



കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപിനെതിരെയുള്ള ഗൂഢാലോചന തെളിയിക്കാനില്ല.  ഒന്നു മുതൽ ആറു വരെയുള്ള പ്രതികളെ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. ഇവർക്കെതിരെ ഗൂഢാലോചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾ നില നിൽക്കും.

കേരള ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നിരവധി നിയമ പോരാട്ടങ്ങൾക്ക് വിധേയമായ ഈ കേസിന്റെ വിചാരണ എറണാകുളം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പൂർത്തിയാക്കിയ ശേഷമാണ് ഇന്ന് വിധി പറഞ്ഞത്.   നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളും കോടതിയിൽ ഹാജരായിരുന്നു. ലൈംഗിക അതിക്രമത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസിൽ എട്ടരവർഷത്തിനു ശേഷമാണ് വിധിവരുന്നത്.

സുനിൽ എൻ എസ് (പൾസർ സുനി), മാർട്ടിൻ ആൻറണി, ബി. മണികണ്ഠൻ, വി പി വിജീഷ്, സലിം എച്ച്(വടിവാൾ സലിം), പ്രദീപ്, ചാർലി തോമസ്, പി ഗോപാലകൃഷ്ണൻ (നടൻ ദിലീപ്), സനിൽ കുമാർ (മേസ്തിരി സനിൽ), ശരത് ജി നായർ എന്നിവരാണ് കേസിലെ ഒന്ന് മുതൽ 10വരെയുള്ള പ്രതികൾ. 2017 ഫെബ്രുവരി 17നാണ് അങ്കമാലി അത്താണിക്ക് സമീപം വെച്ചാണ് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് നിർത്തി ഒരുസംഘം അതിക്രമിച്ച് കയറിയത്. പിന്നീട് ഇവർ അതിജീവിതയെ ഓടിക്കൊണ്ടിരുന്ന വാഹനത്തിൽ വെച്ച് ലൈം​ഗികാതിക്രമത്തിന് ഇരയാക്കുകയും അപകീർത്തികരമായ വീഡിയോയും ചിത്രങ്ങളും പകർത്തുകയും ചെയ്തു. പിന്നാലെ അക്രമിസംഘം കടന്നു കളഞ്ഞു.

2017 ഫെബ്രുവരി 18ന് അതിജീവിത സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ കൊരട്ടി പൂവത്തുശേരി മാർട്ടിൻ ആൻ്റണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മാർട്ടിൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പൾസർ സുനി എന്ന സുനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അതിജീവിതയെ ആക്രമിച്ചതെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ പ്രതികൾ സഞ്ചരിച്ച രണ്ട് വാഹനങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പോലീസ് അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂലൈയിൽ പോലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. 88 ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

By admin