
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ തുറന്ന് പറച്ചിലില്‍ നിന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ആദ്യം താന്‍ പിന്തിരിപ്പിച്ചിരുന്നുവെന്ന് ഭാര്യ ഷീബ.ഐഎഫ്എഫ്കെയോടനുബന്ധിച്ച് സംഘടിപ്പിച്ച അവളോടൊപ്പം ഐക്യദാര്‍ഢ്യ സദസിലായിരുന്നു പ്രതികരണം.
ബാലചന്ദ്രകുമാര്‍ മൂന്നാമത്തെ വിചാരണ കഴിഞ്ഞ് പുറത്തിറങ്ങി തന്നെ ഫോണില്‍ വിളിച്ചപ്പോള്‍, അവര്‍ക്ക് ഈ കോടതിയില്‍ നിന്ന് നീതി ലഭിക്കില്ല എന്ന് പറഞ്ഞിരുന്നുവെന്ന് ഭാര്യ ഷീബ പറയുന്നു. അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. പ്രതിയെന്ന് പറയുന്ന ആളോടൊപ്പം ഏഴ് വര്‍ഷം കൂടെയുണ്ടായിരുന്നത് കൊണ്ട് എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് ബാലുവിന് അറിയാമായിരുന്നു. വിധിയുടെ സമയത്ത് അദ്ദേഹം ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷീബ പറഞ്ഞു.
ജീവന്‍ നഷ്ടമാകുമെന്ന് അറിഞ്ഞ് തന്നെയാണ് ഈ കേസുമായി മുന്നോട്ട് വന്നത്. എന്തുകൊണ്ട് ഇത്രയും താമസിച്ചു എന്ന് എല്ലാവരും ചോദിക്കുന്നു. താമസിച്ചതിന് കാരണം താനാണ്. കാല് പിടിച്ച് കരഞ്ഞ് താനാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ചത്. അതൊന്നും പാടില്ലായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും ഷീബ പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ വിധി ന്യായത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കോടതി സംശയം പ്രകടിപ്പിക്കുന്നുണ്ട്.