
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്കുള്ള ശിക്ഷാ വാദം കഴിഞ്ഞു. വിധി ഉച്ച കഴിഞ്ഞ് 3.30ന് പ്രഖ്യാപിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത്.
ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.
11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു.