ബെംഗളൂരു: നടിയും കോൺഗ്രസ് മുൻ എംപിയും രമ്യക്കു നേരേ നടത്തിയ സൈബർ ഭീഷണിയില്‍ പ്രധാനപ്രതി അറസ്റ്റിൽ. ബെംഗളൂരു കെആർ പുരം സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനുമായ പ്രമോദ് ഗൗഡയെയാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റുചെയ്തത്. സുഹൃത്തിന്റെ ഫോണില്‍ നിന്നാണ് ഇയാള്‍ മോശം സന്ദേശങ്ങള്‍ അയച്ചതെന്ന് പോലീസ് പറഞ്ഞു.
കേസിൽ നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭുവൻ, രാജേഷ്, ഒബണ്ണ, ഗംഗാധർ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. നടനും രേണുകാസ്വാമി കൊലക്കേസ് പ്രതിയുമായ ദർശന്റെ ആരാധകരാണ് തനിക്കുനേരേ അധിക്ഷേപവും ഭീഷണിയും മുഴക്കിയതെന്നും രമ്യ പരാതിപ്പെട്ടിരുന്നു. ദർശന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരേ സുപ്രീം കോടതി അടുത്തിടെ നടത്തിയ വിമർശനത്തെപ്പറ്റിയുള്ള വാർത്ത സോഷ്യല്‍ മീഡിയയില്‍ രമ്യ പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെയാണ് അധിക്ഷേപമുണ്ടായത്. 43 സാമൂഹികമാധ്യമ അക്കൗണ്ടുകളിൽനിന്ന് തനിക്കുനേരേ അധിക്ഷേപമുണ്ടായെന്ന് രമ്യ ബെംഗളൂരു സിറ്റി പോലീസ് കമ്മിഷണർ സീമന്ത് കുമാര്‍ സിങ്ങിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.
രമ്യയെ അധിക്ഷേപിച്ചവരുടെ പേരിൽ കേസെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. സിനിമാ പ്രവർത്തകരുടെ സംഘടനയും രംഗത്തെത്തിയിരുന്നു.