കോട്ടയം: ഏറ്റുമാനൂര്‍ മണ്ഡലത്തിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി നടി വീണാ നായര്‍ക്ക് വോട്ടില്ല. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തയാറെടുക്കെ ആണ് വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന വിവരം മനസിലാക്കിയത്. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വീണ നായര്‍ പറഞ്ഞു.
നേരത്തെ വീണ ചങ്ങനാശേരിയില്‍ താമസിച്ചിരുന്നു. ഇവിടെ വോട്ടുണ്ടാകുമെന്നായിരുന്നു കരുതിയിരുന്നത്. മുന്‍പുനടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും വീണ നേതാക്കളെ അറിയിച്ചിരുന്നു.വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനായി ജില്ലാ കളക്ടറെയടക്കം വീണ ബന്ധപ്പെട്ടെങ്കിലും സമയം കഴിഞ്ഞതിനാല്‍ സാധിച്ചില്ല. കൂട്ടിച്ചേര്‍ത്ത പട്ടിക പുറത്തുവരുമ്പോള്‍ മാത്രമേ ഇനി അവസരം ലഭിക്കുകയുള്ളൂ. അപ്പോഴേക്കും നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം കഴിയും. പത്രിക സമര്‍പ്പിക്കുമ്പോള്‍ വോട്ടര്‍ പട്ടികയുടെ ക്രമനമ്പറും മറ്റും നല്‍കേണ്ടതുണ്ട്. ഇതോടെ ഏറ്റുമാനൂരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ് ട്വന്റി 20.
നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ലാത്തതിനാല്‍ നടിയുടെ സ്ഥാനാര്‍ത്ഥിത്വവും പ്രതിസന്ധിയിലാണ്. പെരുമ്പാവൂര്‍ മണ്ഡലത്തിലാണ് നടിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ അപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ ട്വന്റി 20 പ്രഖ്യാപിക്കും.