പ്രശസ്ത നാടക കലാകാരനും ടെലിവിഷൻ താരവുമായ കെ.പി.എ.സി രാജേന്ദ്രൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു.
ഇടുക്കി സ്വദേശിയാണ്. 1971ൽ തങ്കഭസ്മം എന്ന നാടകത്തിൽ ഗായകന്‍റെ വേഷം അഭിനയിച്ചാണ് അരങ്ങേറ്റം. 1983ൽ കെ.പി.എസിയിൽ ചേർന്നു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’ ഉൾപ്പെടെ കെ.പി.എ.സിയുടെ വിവധ നാടകങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ‘നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി’യിൽ പരമുപിള്ള എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
‘ഉപ്പും മുളകും’ എന്ന പരമ്പരയിലെ ‘പടവലം കുട്ടൻപിള്ള’ എന്ന കഥാപാത്രമാണ് രാജേന്ദ്രനെ കുടുംബ പ്രേക്ഷകർക്കിടയിൽ പ്രശസ്തനാക്കിയത്. 50 വർഷമായി നാടകരംഗത്തുണ്ടെങ്കിലും ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.
കെ.പി.എ.സിക്ക് പുറമേ സൂര്യസോമ, ചങ്ങനാശേരി നളന്ദ തീയറ്റേഴ്‌സ്, ഗീഥാ ആര്‍ട്ട്‌സ് ക്ലബ്ബ് എന്നീ നാടകസംഘങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഗുരുതരാവസ്ഥയിരിക്കെ തന്നെ രാജേന്ദ്രൻ മരിച്ചു എന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ഇത് നിഷേധിച്ച് അദ്ദേഹത്തിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.