• Mon. Apr 7th, 2025

24×7 Live News

Apdin News

നടൻ ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണില്ല, വിചാരണ അവസാനഘട്ടത്തിലെന്ന് കോടതി

Byadmin

Apr 7, 2025


കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എട്ടാം പ്രതി നടൻ ദിലീപ് നൽകിയ ഹർജി തള്ളി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ കഴിഞ്ഞ ആറ് വര്‍ഷമായി ഹര്‍ജി ദിലീപ് നല്‍കിയിട്ടെന്നും കേസിന്റെ പുരോഗതിയില്‍ ദിലീപ് പോലും താല്‍പര്യം കാണിച്ചിരുന്നില്ലെന്നും അങ്ങനെയൊരു കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ നിലപാട്. നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു.

വിചാരണ അവസാനഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് ഡിവിഷൻ ബഞ്ച് നടപടി. ജസ്റ്റിസുമാരായ പി കൃഷ്ണകുമാര്‍, എ മുഹമ്മദ് മുസ്താഖ് എന്നിവരുടേതാണ് വിധി. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. 2017 ഫെബ്രുവരി 17-നാണ് കൊച്ചിയില്‍ ഓടുന്ന വാഹനത്തില്‍വെച്ച് നടി ആക്രമണത്തിനിരയായത്. നടന്‍ ദിലീപ് ഉള്‍പ്പടെ 9 പ്രതികളാണ് കേസിലുള്ളത്.

നിലവില്‍ കേസില്‍ പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയായി. ദിലീപിന്റെ വാദമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ട് മാസത്തിനുള്ളില്‍ വിധി വരും.



By admin