
ഒരുകാലത്ത് തമിഴ്, മലയാളം, തെലുഗു ഭാഷകളിലെ സിനിമകളിൽ ഒരുപോലെ തിളങ്ങി നിന്നിരുന്ന പൊന്നമ്പലം എന്ന നടനെ പലർക്കും ഓർമ്മ കാണും. തൊണ്ണൂറുകളിൽ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും ആരെയും ഭയപ്പെടുത്തുന്ന രൂപവും ക്രൗര്യവും ഒക്കെയായി സ്‌ക്രീനിൽ നിറഞ്ഞാടിയ താരമാണ് പൊന്നമ്പലം.
മൂന്നാംമുറ മുതൽ ഇങ്ങോട്ടുള്ള പല മലയാള ചിത്രങ്ങളുടെയും ഭാഗമായിരുന്നു പൊന്നമ്പലം. അതിൽ പലതിലും നടനും അതിനൊപ്പം സ്‌റ്റണ്ട്മാനും കൂടിയായിരുന്നു അദ്ദേഹം. മോഹൻലാലിനൊപ്പം മൂന്നാംമുറയ്‌ക്ക് പുറമേ ഓർക്കാപ്പുറത്ത്, താണ്ഡവം എന്നീ ചിത്രങ്ങളിലും പൊന്നമ്പലം വേഷമിട്ടിരുന്നു, മമ്മൂട്ടിയോടൊപ്പം സ്‌റ്റാലിൻ ശിവദാസ്, സാമ്രാജ്യം, പ്രജാപതി എന്നീ ചിത്രങ്ങളിലും വേഷമിട്ട താരത്തിന്റെ നിലവിലെ ആരോഗ്യസ്ഥിതി പരിതാപകരമാണ്.
കഴിഞ്ഞ കുറച്ച് നാളുകളായി താരത്തെ വീൽ ചെയറിലാണ് കാണാൻ കഴിയുന്നത്. അർധ സഹോദരന്മാരിൽ ഒരാൾ വിഷം നൽകി വൃക്കകൾ തകർത്തു എന്നാണ് പൊന്നമ്പലത്തിന്റെ ആരോപണം. ‘എന്റെ പിതാവിന് മൂന്നു ഭാര്യമാരുണ്ട്. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയിൽ നിന്നുള്ള എന്റെ അർധസഹോദരൻ മാനേജരായി ജോലി നോക്കുകയായിരുന്നു. ഞാൻ അവനെ ഒരുപാട് വിശ്വസിച്ചു. ഒരു ദിവസം അവൻ ഞാൻ കഴിക്കാനിരുന്ന ബിയറിൽ വിഷം കലർത്തി. അതെന്റെ വൃക്കകളെ സാരമായി ബാധിച്ചു’ എന്നാണ് പൊന്നമ്പലം പറയുന്നത്.കൂടാതെ ഇതേ അർധസഹോദരൻ തന്റെ ഭക്ഷണത്തിലും വിഷം കലർത്തിയിരുന്നു എന്നാണ് പൊന്നമ്പലം ആരോപിക്കുന്നത്. ഡോക്‌ടർമാരാണ് ഇത് കണ്ടെത്തിയതെന്നും, തനിക്കെതിരെ സഹോദരൻ ആഭിചാരക്രിയകൾ ചെയ്‌തുവെന്നും പൊന്നമ്പലത്തിന്റെ ആരോപണമുണ്ട്. നിലവിൽ ചികിത്സയിൽ കഴിയുകയാണ് പൊന്നമ്പലം.