• Tue. Mar 4th, 2025

24×7 Live News

Apdin News

നന്‍പന്‍മാര്‍ പോയിന്‍റ് പങ്കുവെച്ചു; പ്രാഗ് ചെസ്സില്‍ പ്രജ്ഞാനന്ദയും ചിതംബരവും മുന്നില്‍ തന്നെ

Byadmin

Mar 4, 2025



പ്രാഗ് : നന്‍പന്‍മാരാണ് പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും. രണ്ടുപേരും ഒരേ ഗുരുവില്‍ നിന്നും ചെസ് എന്ന അഭ്യാസം പഠിച്ചവരാണ്. ഇപ്പോഴിതാ പ്രാഗ് ചെസില്‍ അഞ്ചാം റൗണ്ടില്‍ ഇരുവരും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചിരിക്കുന്നു. രണ്ട് പേര്‍ക്കും വിജയം അനിവാര്യമല്ലാത്ത കളിയായതിനാല്‍ ഇരുവരും സൗഹൃദമത്സരമായിരുന്നു നടത്തിയത്. ഒടുവില്‍ ഇരുവരും പോയിന്‍റ് പങ്കുവെയ്‌ക്കാന്‍ തീരുമാനിച്ചു. റുയ് ലോപസ് ഓപ്പണിംഗ് കളിച്ച പ്രജ്ഞാനന്ദയ്‌ക്ക് എതിരെ ബെര്‍ലിന്‍ ഡിഫന്‍സിലൂടെ പ്രതിരോധിക്കുകയായിരുന്നു ചിതംബരം.

ഇതോടെ മൂന്നര പോയിന്‍റ് വീതം പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും പ്രാഗ് ചെസ്സില്‍ മുന്നിട്ട് നില്‍ക്കുകയാണ്. ഇനി അഞ്ചു റൗണ്ട് കൂടി മത്സരം ബാക്കിയുണ്ട്. ഇരുവരും ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മറെ തോല്‍പിച്ചത് അന്താരാഷ്‌ട്ര മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരുന്നു. കഴിഞ്ഞ ആഴ്ച ഫ്രീ സ്റ്റൈല്‍ ചെസില്‍ മാഗ്നസ് കാള്‍സനെയും ഫാബിയാനോ കരുവാനയെയും തോല്‍പിച്ച് ചാമ്പ്യനായ വിന്‍സെന്‍റ് കെയ്മറെ അനായാസും അട്ടിമറിക്കുകയായിരുന്നു പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും.

ചെന്നൈയില്‍ ആര്‍.ബി. രമേഷ് എന്ന ചെസ് മാസ്റ്ററുടെ ശിഷ്യന്മാരായി 64 കള്ളികളില്‍ കരുക്കല്‍ നീക്കിത്തുടങ്ങിയവരാണ് പ്രജ്ഞാനന്ദയും അരവിന്ദ് ചിതംബരവും. കഴിഞ്ഞ ദിവസം പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം സൗഹൃദത്തിന്റെ ചിത്രങ്ങള്‍ ആര്‍.ബി. രമേഷ് പങ്കുവെച്ചത് ഏറെ ചര്‍ച്ചാവിഷയമായിരുന്നു.

ചിതംബരത്തിന് 25 വയസ്സാണെങ്കില്‍ പ്രജ്ഞാനന്ദയ്‌ക്ക് 19 വയസ്സേ ഉള്ളൂ. പ്രജ്ഞാനന്ദ എട്ട് വയസ്സ് മുതലും ചിതംബരം 11 വയസ്സ് മുതലും തന്റെ ശിഷ്യന്‍മാരായിരുന്നു എന്ന് ആര്‍.ബി. രമേഷ് പറയുന്നു. ചിതംബരം-പ്രജ്ഞാനന്ദ കളിക്കുട്ടികളായിരുന്നപ്പോഴുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

രണ്ടര പോയിന്‍റോടെ വിന്‍സെന്‍റ് കെയ്മര്‍, അനീഷ് ഗിരി, വെയ് യി എന്നി ആണ് രണ്ടാം സ്ഥാനത്ത്. ആറാം റൗണ്ട് പ്രജ്ഞാനന്ദയ്‌ക്ക് അഗ്നിപരീക്ഷയാണ്. അമേരിക്കയുടെ സാം ഷാങ്ക് ലാന്‍റിനെയാണ് നേരിടുക. അതുപോലെ ചിതംബര്‍ ലെ ക്വാങ് ലിയെമിനെ നേരിടും.

 

 



By admin