• Tue. Apr 7th, 2026

24×7 Live News

Apdin News

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

Byadmin

Apr 7, 2026


തിരുവനന്തപുരം: ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നയതന്ത്രകാര്യാലയം വഴി ഗ്രീന്‍ചാനലിലൂടെ സ്വര്‍ണം കടത്തിയതിന്റെ വിഹിതം യുഡിഎഫിലെ ചില ഉന്നതര്‍ക്ക് ലഭിച്ചെന്നും ഇത്തരത്തില്‍ വന്‍തുക ലഭിച്ചതിന് പകരമായി രണ്ടാംപിണറായി സര്‍ക്കാരിനുവേണ്ടി യുഡിഎഫ് ഒത്തുകളിച്ചെന്നും മുന്‍ ഡിജിപിയും സ്വര്‍ണക്കടത്ത് നടക്കുന്ന കാലയളവില്‍ ഇന്റലിജന്‍സ് എഡിജിപിയുമായിരുന്ന ആര്‍. ശ്രീലേഖ പറഞ്ഞു. മാസ്‌കറ്റ് ഹോട്ടലില്‍ ഫ്രെട്ടേണിറ്റി ഓഫ് എലൈറ്റ്‌സ് സംഘടിപ്പിച്ച ക്ഷണിക്കപ്പെട്ട സദസിന് മുന്നില്‍ സംസാരിക്കുകയായിരുന്നു വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ആര്‍. ശ്രീലേഖ.

2021 ല്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കരുതിയെങ്കിലും യുഡിഎഫും എല്‍ഡിഫും ചേര്‍ന്നുള്ള ഒത്തുകളികളിലൂടെ എല്‍ഡിഎഫിന് തന്നെ തുടര്‍ഭരണം ലഭിക്കുകയായിരുന്നു.

തുടര്‍ന്നുവന്ന തട്ടിപ്പുകള്‍ തുടരാന്‍ കുറേക്കാലംകൂടി വേണമെന്ന് കണ്ടതിനാലാണ് യുഡിഎഫ് നേതാക്കള്‍ക്ക് പണം നല്‍കി ഒത്തുകളിച്ചത്. അയ്യായിരത്തോളം പേര്‍ക്ക് വിസയും ജോലിയും നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് 2017 ല്‍ തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. എന്നാല്‍ ഒരാള്‍ക്ക് പോലും വിസയോ ജോലിയോ ലഭിച്ചില്ല. ഈ സംവിധാനം സ്വര്‍ണക്കടത്തിനായി മാത്രമാണ് ഉപയോഗിച്ചത്. 25-30 തവണ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്തി. ഈന്തപ്പഴം, ഖുറാന്‍ എന്നിവയുടെ മറവിലും സ്വര്‍ണം കടത്തി. ഓണ്‍ലൈന്‍ ആയി എല്ലാ സൗകര്യങ്ങളുമുള്ളപ്പോള്‍ ആരോപണവിധേയമായ കോണ്‍സുലേറ്റ് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടാന്‍പോലും യുഡിഎഫ് തയാറാകാത്തത് ഈ ഒത്തുകളിയുടെ ഭാഗമായിരുന്നു. സ്വര്‍ണക്കടത്തിന്റെ ലാഭം അവര്‍ക്കും ലഭിച്ചതിനാലാണ് മിണ്ടാതിരുന്നത്. കേന്ദ്ര ഗവണ്‍മെന്റാണ് പിന്നീട് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയത്. എന്നാല്‍ പ്രളയകാലത്തെ പ്രവര്‍ത്തനങ്ങളും കൊവിഡ് സമയത്തെ കിറ്റ് വിതരണവും വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്താണ് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതെന്ന് പ്രചരിപ്പിച്ചു. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്നാണ് ഇത്തരം നറേറ്റീവുകള്‍ സൃഷ്ടിക്കുന്നതെന്നും ആര്‍. ശ്രീലേഖ പറഞ്ഞു.



By admin