
കൊച്ചി : ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത വന്ദേഭാരതിൽ RSS ഗണഗീതം ആലപിച്ച് വിദ്യാർത്ഥികൾ . ദക്ഷിണ റെയില്‍വേ ഇതിന്റെ ദൃശ്യങ്ങൾ എക്‌സില്‍ വീഡിയോ പങ്കുവച്ചിട്ടുണ്ട് . സ്‌കൂള്‍ യൂണിഫോം ധരിച്ച ഒരു കൂട്ടം വിദ്യാര്‍ത്ഥികളും രണ്ട് പേരുമാണ് ഗണഗീതം ആലപിക്കുന്നത്. സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ കൊണ്ട് കോച്ചുകൾ നിറച്ചുവെന്നാണ് എക്സിൽ റെയിൽ വേ കുറിച്ചിരിക്കുന്നത്.
‘എറണാകുളം-കെഎസ്ആര്‍ ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ് ഉദ്ഘാടനത്തില്‍ സന്തോഷത്തിന്റെ ഈണം. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ദേശഭക്തി ഗാനം പാടി ‘, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയില്‍വേ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. വാരാണസിയില്‍ നിന്ന് വീഡിയോ കോണ്‍ഫെറന്‍സിങിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. തുടര്‍ന്ന് എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്ന് എറണാകുളം-ബെംഗളൂരു വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയോട്ടം ആരംഭിക്കുകയായിരുന്നു.