
കൊല്ലവര്‍ഷം 1156. ധനുര്‍രാശി. ലഗ്‌നം എടവം. തിഥി പഞ്ചമി. പ്രതലം തലാതലം. മയന്റെ ആസ്ഥാന വാസസ്ഥലം. ദാനവ രാജാവായ മയന്റെ കോട്ടു വായില്‍ നിന്ന് സൈ്വരിണി, കായിനി, പുംശ്ചലി എന്നീ തരുണികള്‍ ഉത്ഭവിച്ചതായി പുരാണങ്ങള്‍ പറയുന്നുണ്ട്. ഇത്തരത്തിലുള്ള മൂന്ന് തസ്‌കര വീരരെ നമുക്ക് ഇവിടെയും പരിചയപ്പെടാം. ഈ കഥ പ്രത്യക്ഷപ്പെടുന്നത് സെന്‍ട്രല്‍ മുംബൈയുടെ വായുകോണിലാണ്. ഇതിലെ നാമധേയങ്ങള്‍ വേണ്ടുംവിധം താളിയോലകള്‍ക്ക് വഴിപ്പെട്ട് വ്യാജനിര്‍മ്മിതവും.
ജീവിതത്തെ പച്ചയുടെ ചുക്കാന്‍ പിടിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടുപോന്നവര്‍. ഇരുവര്‍ക്കും തമ്മിലുള്ള ആത്മബന്ധത്തിനും വേഴ്ചക്കും ഉള്ള പഴക്കം ആണ്ടുകള്‍ കുറിച്ച് കൊടുത്തിട്ടുണ്ട്. ഒന്നുമില്ലായ്‌മയില്‍ ഇരുവരും വന്നെത്തിപ്പെടുന്നത് മേല്‍പറഞ്ഞ മഹാനഗരത്തിലാണ്. പിന്നീടങ്ങോട്ട് ആ നഗരത്തെ ഗ്രസിച്ച് അധിവസിക്കുന്നു.
കൗശല്‍ ഒരു വ്യാപാരസ്ഥാപന ശൃംഖലയുടെ നിലവറകളിലെ സ്വകാര്യകണക്കുകളെ തന്റെ തസ്‌കരതയാല്‍ വെളുപ്പിച്ച് അധികാരികളുടെ കൈയില്‍ കൊടുക്കുന്നു. അങ്ങനെ ഇന്നേക്ക് ആ സ്ഥാപനത്തിന്റെ മാലിക്കുമാരുടെ പിരിച്ചെറിയാന്‍ കഴിയാത്ത ഹൃദയംഗമ സുഹൃത്തായി. ഛത്രപതിയായി വിരാജിക്കുന്നു.
കശ്മല്‍ പ്രത്രപ്രവര്‍ത്തനം, സിനിമാപിടുത്തം, തിരക്കഥയുടെ ബാക്കി വര്‍ക്ക് എന്നീ കാരണങ്ങള്‍ പൊതുവാക്കി തന്റെ സ്വപ്‌നമണ്ഡലത്തെ വീണ്ടും വീണ്ടും വിസ്തൃതമാക്കി. വിസ്തൃതിക്ക് പരിധി കല്‍പിക്കാതെ ഗതാഗതം തുടരുന്നു. കറന്‍സികള്‍ തന്നെ ചതിക്കുന്ന ഓരോ വേളയിലും (ഷോട്ടിലും) അറബിക്കടലില്‍ പരാതി ബോധിപ്പിച്ച് ആയമ്മയുടെ ഒരു നിരത്ത് നിന്ന് മുംബൈ തീരത്ത് വന്ന് ഉടലോടെ അടിയുന്നു.
ഇരുവരുടെയും അപൂര്‍വ്വ കാഴ്ചക്കിടയിലായിരുന്നു എന്റെ കാലം തെറ്റിച്ചുകൊണ്ടുള്ള കടന്നുവരവും, പിടിക്കപ്പെടലും. ചെറുപ്പത്തിലേ മോഷണശിലം കാട്ടിത്തുടങ്ങിയ എനിക്ക് നമ്പ ഊരിലെ പെരിയ ജാംബവര്‍കള്‍ തൊഴിലിലെ കര്‍മ്മകുശലതയും, ദീര്‍ഘായുസ്സും പരിഗണിച്ച് അയാളുടെ സന്തതസഹചാരിയായി കൂടെകൂട്ടി; അര്‍ത്ഥാദ് നോം ആ ഗുരുഭൂതന്റെ പരികര്‍മ്മിയായി പരിണമിച്ചു. അങ്ങിനെ ആ നഗരത്തെ എന്നോട് ചേര്‍ത്ത് വെച്ചു. തുടര്‍ന്നങ്ങോട്ട് മറ്റു പലരുടെയും പോലെ ആ നഗരം എന്റെ ‘ഗുഡ് എര്‍ത്ത്’ ആയി മാറി
സ്ഥിരത ഇല്ലാത്ത ഈ ജോലിക്ക് ചില്ലറ മടുപ്പോ, ചുരുക്കം വിശ്രമക്കുറവോ തോന്നിയാല്‍, എന്നിലെ തസ്‌കര മനസ്സിനെ തെല്ലൊന്ന് മാനസാന്തരപ്പെടുത്താനും, മനുഷ്യമനസ്സിനെ സാന്ത്വനപ്പെടുത്താനും സ്വയം അവസരം ഒരുക്കും. അത്തരം വേളകളില്‍ ചെറുചാര്‍ജ്ജുകള്‍ കിട്ടുന്ന പെറ്റി നടത്തി പരമകുടിയിലോ പാപനാശത്തോ പിടികൊടുക്കും. വേണ്ടവിധം ആലോചിച്ചുതന്നെ. കാരണം ചരിത്രപരം. ജന്മാന്തരങ്ങളുടെ തുടര്‍ച്ച രേഖപ്പെടുത്താന്‍ കുറച്ചുകാലം അവിടത്തെ ഊരുകളില്‍ ജനസമ്പര്‍ക്കം, ജനസഹായം; എല്ലാം നിജം.
തുടര്‍ന്നങ്ങോട്ട് കുറച്ചുനാള്‍ സുഖവാസം. ഒരുതരം വഴങ്ങികൊടുത്തുകൊണ്ടുള്ള വഴിമാറ്റം. ഏതൊരുവനേയും പോലെ മറ്റു സമയമെല്ലൊം മനസ്സിനും ശരീരത്തിലും സൈ്വരം ലഭിക്കാത്ത ഒരു തരം അലച്ചിലുകളല്ലേ?
പരിചയസമ്പന്നതയുടെ പ്രാരാബ്ദംകൊണ്ടോ തിരിച്ചറിവിന്റെ മൂല്യത നഷ്ടപ്പെട്ടതുകൊണ്ടോ അല്ല എന്റെ ഈ സ്വപ്‌നഭൂമിയിലെ ആദ്യത്തേതും അവസാനത്തേതുമായ കാരാഗൃഹവാസത്തിനു കാരണം. പിന്നെ? സ്വന്തം തൊഴിലിലെ കൃത്യവിലോപവും ആത്മവഞ്ചനയും. ഒന്ന് ചുരുട്ടിപ്പറഞ്ഞാല്‍ കൗശല്‍, കശ്മന്‍ എന്നിവരുടെ സ്വകാര്യ സംഭാഷണത്തില്‍ മതിമറന്ന് രമിച്ചത്.
കൗശലിന്റെ ദിനചര്യകള്‍ക്ക് ആകെ ക്രമക്കേട് സംഭവിക്കുന്നതും, താളം പിഴക്കുന്നതും കശ്മല്‍ വരുന്ന ഇരവുകളില്‍ മാത്രം. കശ്മലിന്റെ വാക്ചാതുരിയും വേലത്തരവും എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് തന്റെ ആത്മസുഹൃത്തിനെ കൗശല്‍ എപ്പോഴും വരവേല്‍ക്കാറ്. എന്നിരുന്നാലും തന്റെ നിലനില്‍പ്പും പൊതുജനപ്രീതിയും പരിഗണിച്ച് ഈ അവസരങ്ങളില്‍ മെഴുകുതിരി വെട്ടത്തിലാണ് ഇരുവരും പെരുമാറാറ്. അത്തരം വേളകളില്‍ ഇരുവരും പഴയകാലത്തേക്ക് തിരിച്ചിറങ്ങും. പരിധിവിട്ടും വിടാതെയും മധുനുകരും; ചന്ദ്രനെ അസ്തമിക്കാനനുവദിക്കാതെ ബ്ലോക്ക് ചെയ്യും.
ആദ്യ അവസരത്തില്‍ ഈ വഴിപോയ ഞാന്‍ കേട്ടത് കശ്മല്‍ തന്റെ സ്വപ്‌നാടനത്തിലെ വേനല്‍ക്കാല ലൊക്കേഷനുകള്‍ തിരയുന്നതിന് വന്നെത്തിയതിനെക്കുറിച്ചായിരുന്നു. ഇത്തവണത്തെ വരവ് മഴക്കാലത്ത് ലൊക്കേഷനുകള്‍ തിരയുന്നതിനെക്കുറിച്ചും.
കശ്മലിന്റെ ഈ സംഭാഷണത്തിലെ വൈരുദ്ധ്യവും, കൗശല്‍ എല്ലാം അറിഞ്ഞുകൊണ്ട് വധശിക്ഷക്ക് കഴുമരത്തില്‍ നിര്‍ത്തിയ കുറ്റവാളിയുടെ സൗഹൃദവും ഹൃദയവിശാലതയും കണ്ട് കണ്ട് അങ്ങനെ അസ്പര്‍ശനായി നില്‍ക്കുമ്പോള്‍ പെട്ടെന്നാണ് രണ്ട് മറാട്ടവാഗ് ഹസ്തങ്ങളുടെ പിടിവീണതും എന്റെ പിരടി തിരിഞ്ഞതും ഒന്നിച്ചായിരുന്നു.
പിന്നീട് ഞാന്‍ എന്നെ സ്വയം കണ്ടെത്തുന്നതും കൊണ്ടുനടക്കുന്നതും യേര്‍വാദയുടെ ഈശാനകോണിലായിരുന്നു.
നടുകഷ്ണം (വാലാല്‍ ചുരുട്ടിയത്): അരുളപ്പാടനെ യഥോചിതം ജുഗുനു എന്ന് വിളംബരപ്പെടുത്താം.