• Sat. Oct 4th, 2025

24×7 Live News

Apdin News

നല്കിയത് മുഴുവന്‍ ചെമ്പ്; സ്വര്‍ണമേ ഇല്ലായിരുന്നെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ്

Byadmin

Oct 4, 2025



കൊച്ചി: സ്വര്‍ണം പൂശാന്‍ ശബരിമലയില്‍ നിന്ന് 2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ച വസ്തുവില്‍ ഒരുതരി പൊന്നുപോലുമില്ലായിരുന്നെന്ന് കമ്പനി അഭിഭാഷകന്‍ അഡ്വ. കെ.ബി. പ്രദീപ് കുമാര്‍. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെയുള്ളവരാണ് പാളികള്‍ സ്വര്‍ണം പൂശാനെത്തിച്ചത്. 47 കിലോയുണ്ടായിരുന്നു ചെമ്പുപാളികള്‍ക്ക്. 897 ഗ്രാം സ്വര്‍ണം അന്നു പൂശാനുപയോഗിച്ചു.

സ്വര്‍ണം പൂശിയ പാളികള്‍ ഏറ്റുവാങ്ങാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധികളുമുണ്ടായിരുന്നു. 2019ല്‍ നല്കിയ സ്വര്‍ണപ്പാളിക്ക് മങ്ങലേറ്റതിനാലാണ് വീണ്ടും പൂശിയത്. സാധാരണ 20 മുതല്‍ 40 വര്‍ഷം വരെയാണ് കമ്പനി വാറന്റി. മാളികപ്പുറത്തും കമ്പനി സ്വര്‍ണം പൂശിയിരുന്നു. അതിനൊന്നും കേടുപാടില്ല. ഇതെല്ലാം വ്യക്തമാക്കി ഹൈക്കോടതിയില്‍ വിശദീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

വാറന്റിയുള്ളതാണ്, ഞങ്ങള്‍ റിപ്പെയര്‍ ചെയ്തു കൊടുക്കണം. സ്വര്‍ണത്തില്‍ നഷ്ടമുണ്ടെങ്കില്‍ അത് കമ്പനി വഹിക്കില്ല. കാരണം സ്വര്‍ണം ഞങ്ങളുടെ കമ്പനിയിലല്ല എടുക്കുന്നത്. 19.4 ഗ്രാമോ മറ്റോ ആണ് സ്വര്‍ണത്തില്‍ കുറവുള്ളത്, കെ.ബി. പ്രദീപ് കുമാര്‍ പറഞ്ഞു.

ഇതോടെ 1999ല്‍ വിജയ്‌മല്യ സമര്‍പ്പിച്ച സ്വര്‍ണപ്പാളി എവിടെയെന്ന ചോദ്യമുയരുന്നു. ദേവസ്വം മന്ത്രിയും ബോര്‍ഡ് പ്രസിഡന്റ് മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി വരെയുള്ളവരും സംശയ നിഴലിലാണ്. പോറ്റിയെ ഇന്ന് വിജിലന്‍സ് ചോദ്യം ചെയ്യും.

By admin