തിരുവനന്തപുരം: നളന്ദയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ പോയ ക്യാമറാമാന്‍ വേണു പറയുന്നു:’ഇന്നും അതിശയിപ്പിക്കുന്ന സ്ഥലമാണത്.’ “അലാവുദ്ദീന്‍ ഖില്‍ജി വന്നാണ് നളന്ദയെ ഇല്ലാതാക്കിയത്. ഒരു കാലഘട്ടത്തില്‍ പതിനായിരം പേര്‍ ചേര്‍ന്ന് പഠിച്ചിരുന്ന സര്‍വ്വകലാശാലയായിരുന്നു അത് എന്ന് പറയുന്നുണ്ട്..”- വേണു പറയുന്നു.
ആറ് മാസം കാറില്‍ ആണ് അദ്ദേഹം ബോധ് ഗയയും നളന്ദയും ഉള്‍പ്പെടെ വടക്കന്‍ സംസ്ഥാനങ്ങളില്‍ പോയത്. “ഇപ്പോഴും നളന്ദ അതിശയിപ്പിക്കുന്ന സ്ഥലമാണ്. “നളന്ദയുടെ ചില ഭാഗങ്ങളില്‍ പിരമിഡ് പോലുള്ള കൂറ്റന്‍ കെട്ടിടഘടനകള്‍ ഉണ്ട്. ശരിക്കും പറഞ്ഞാല്‍ ജൈജാന്‍റിക് ആണ്. കെട്ടിടങ്ങള്‍. ഒരു കിലോമീറ്ററോളം നീളവും വീതിയുമുണ്ട് നളന്ദ സര്‍വ്വകലാശാലയ്‌ക്ക്. അതിലെ ഒത്തിരിസാധനങ്ങള്‍ വിദേശ അധിനിവേശത്തില്‍ നശപ്പിച്ചിട്ടുണ്ട്.അത് വെറുതെ കൂട്ടിപ്പിടിപ്പിച്ച് ഉണ്ടാക്കിയ ഒരു സ്ഥലമല്ല, നല്ല ആസൂത്രണത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു സംവിധാനമാണ് നളന്ദ. “.- ക്യാമറാമാന്‍ വേണു പറയുന്നു.
വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:
“ഇപ്പോഴത്തെ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറാന്റെ ഭാഗത്ത് നിന്നും വന്ന തുര്‍ക്കികളാണ് നശിപ്പിച്ചതെന്നാണ് നമ്മള്‍ പഠിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഖില്‍ജിമാരാണ് നളന്ദയെ ആക്രമിച്ച് തകര്‍ത്തത്. അവര്‍ വിഗ്രഹവിരോധികളായതിനാല്‍ എല്ലാ വിഗ്രഹങ്ങളും നശിപ്പിച്ചു. ഈജിപ്തിലെ വിഖ്യാതമായ വന്‍ ലൈബ്രറിയായിരുന്നല്ലോ അലക്സാണ്ട്രിയ ലൈബ്രറി. അതിനേക്കാള്‍ വലിയ ലൈബ്രറിയാണ് നളന്ദയില്‍ ഉണ്ടായിരുന്നത്”. . – വേണു പറയുന്നു.
വേണുവിന്റെ ക്യാമറയില്‍ പതിഞ്ഞ നളന്ദ ചിത്രങ്ങള്‍:
“ചൈനയില്‍ നിന്നും വന്ന ഷ്വാന്‍സാങ്ങ് എന്ന സഞ്ചാരി നളന്ദയില്‍ അതിന് മുന്‍പ് എത്തിയിരുന്നു. അവിടുത്തെ ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഒരുപാട് കോപ്പികളും പകര്‍പ്പുകളും അദ്ദേഹം എടുത്തുകൊണ്ടുപോയി. പാലിയും സംസ്കൃതവുമാണ് അവിടെ ഉണ്ടായിരുന്നത്. അദ്ദേഹം ഈ ഭാഷ പഠിച്ച് പരിഭാഷപ്പെടുത്തിയെന്നാണ് പറയുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ബുദ്ധിസത്തെപ്പറ്റിയുള്ള പല വിവരങ്ങളും പിന്നീട് പുറംലോകത്തിന് കിട്ടുന്നത്. കാരണം അതിന് മുന്‍പ് നളന്ദയിലെ ലൈബ്രറിയെ അലാവുദ്ദീന്‍ ഖില്‍ജി പൂര്‍ണ്ണമായും കത്തിച്ചുകളഞ്ഞിരുന്നു. “- വേണു പറയുന്നു.
ബുദ്ധന് ബോധോദയം കിട്ടിയ ബോധ് ഗയയിലെ ബോധിവൃക്ഷം
“ബോധ് ഗയയിലെ ബോധിവൃക്ഷത്തിന് അടുത്തെത്തിയാല്‍ ഇങ്ങിനെ ഒരു മനുഷ്യന്‍ ഇവിടെ ഇരുന്നിരുന്നു എന്നതും അവിടെ എത്തിച്ചേരുന്ന ആളുകളുടെ ആ ബോധിവൃക്ഷത്തിനോടും ബുദ്ധനോടും ഉള്ള ആദരവും കാണുമ്പോള്‍ നമുക്ക് അതിശയിച്ചുപോകും. അതുപോലെ ധ്യാനം അവിടെ പ്രധാനമാണ്. പലരാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ അവിടെ ധ്യാനിച്ചിരിക്കും. എളിമയുടെ അവസാനവാക്കാണ് ഭിക്ഷ എന്നാണ് ബുദ്ധമതം പറയുന്നത്”. – വേണു പറയുന്നു.