രാമനഗര ദയാനന്ദ സാഗര്‍ കോളജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി അനാമികയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനും അസിസ്റ്റന്റ് പ്രൊഫസര്‍ക്കും സസ്‌പെന്‍ഷന്‍. നഴ്‌സിംഗ് കോളജ് പ്രിന്‍സിപ്പല്‍ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസര്‍ സുജിത എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇരുവരുടെയും മാനസിക പീഡനത്തെ തുടര്‍ന്നാണ് അനാമിക ആത്മഹത്യ ചെയ്തതെന്നാണ് കുടുംബവും സഹപാഠികളും ആരോപിക്കുന്നത്. സംഭവം അന്വേഷിക്കുന്നതിനായി സമിതിയെ നിയോഗിച്ചതായും സര്‍വ്വകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്‌സിംഗ് കോളജിലെ ഒന്നാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായിരുന്നു അനാമിക.
അതേസമയം പരീക്ഷ എഴുതുന്നതിനിടെ കോപ്പിയടിച്ചതിനെ തുടര്‍ന്നുള്ള നടപടി മാത്രമാണ് അനാമികയ്ക്കെതിരെ ഉണ്ടായതെന്ന് കോളജ് മാനേജ്‌മെന്റ് വിശദീകരണം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സഹപാഠികള്‍ സമരത്തിലാണ്. അനാമിക കോളജില്‍ ജോയിന്‍ ചെയ്തിട്ട് നാല് മാസമാണ് ആയത്. ഇന്റേണല്‍ പരീക്ഷയ്ക്കിടെ കയ്യില്‍ മൊബൈല്‍ കണ്ടെന്നും അത് കോപ്പിയടിക്കാന്‍ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളജില്‍ വരേണ്ടെന്ന് അധികൃതര്‍ പറഞ്ഞതായി സഹപാഠികള്‍ ആരോപിക്കുന്നു.
അനാമിക ഭക്ഷണം കഴിക്കാന്‍ എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയിലെത്തുകയായിരുന്നു. എന്നാല്‍ വാതില്‍ തുറക്കാതെ വന്നതോടെ മറ്റൊരു താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോഴാണ് അനാമികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാനേജ്‌മെന്റില്‍ നിന്നും കടുത്ത മാനസിക പീഡനം അനാമിക നേരിട്ടിരുന്നുവെന്ന് സഹപാഠികള്‍ ആരോപിക്കുന്നു. അനാമികയെ സസ്‌പെന്‍ഡ് ചെയ്തതിലെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.