പത്തനംതിട്ടയില്‍ നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു സജീവിന്റെ മരണത്തില്‍ മൂന്ന് സഹപാഠികള്‍ റിമാന്‍ഡില്‍. പത്തനാപുരം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി. അക്ഷിത, കോട്ടയം അയര്‍ക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്ന വാദം പരിഗണിച്ച് കോടതി പ്രതികളുടെ ജാമ്യം നിഷേധിച്ചു.
മരിച്ച അമ്മുവിനെ സഹപാഠികള്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നവെന്ന കുടുംബത്തിന്റെ പരാതിയില്‍ ഇന്നലെ വൈകീട്ട് സഹപാഠികളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയിരുന്നു.
കാണാതായ ലോഗ് ബുക്ക് കണ്ടെത്തേണ്ടതുണ്ടെന്നും ജാമ്യം നല്‍കിയാല്‍ പ്രതികള്‍ തെളിവ് നശിപ്പിക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളുടെ മൊബൈല്‍ ഫോണില്‍ തെളിവുകളുണ്ടെന്നും ജാമ്യം നല്‍കിയാല്‍ അത് നശിപ്പിക്കുമെന്നും പ്രോസിക്യൂഷന്റെ വാദം പരിഗണിച്ച് കോടതി ജാമ്യം നിഷേധിച്ചു.
അതേസമയം 22 വയസ്സ് എന്ന പ്രതികളുടെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചിരുന്നു. എന്നാല്‍ കോടതി പരിഗണിച്ചില്ല. പ്രതികളെ 14 ദിവസം റിമാന്‍ഡ് ചെയ്തു.
പ്രതികളെ കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലേക്ക് മാറ്റി.