എന്തുകൊണ്ട് സര്‍ഗ്ഗാത്മകത എന്നുള്ളത് പ്രസക്തമായ ചോദ്യമാണ്. ആധ്യാത്മികതയുമായി ബന്ധപ്പെട്ട് നമുക്കൊരു തത്ത്വശാസ്ത്രമുണ്ട്. നമുക്ക്തിനെ ദര്‍ശനം എന്നേ വിളിക്കാന്‍ പറ്റൂ കാരണം. ‘കണ്ണിനു കണ്ണ് മനമാകുന്ന കണ്ണതിന് കണ്ണായ പൊരുള്‍’ കാണുന്നവരാണ് ആ ദര്‍ശന സ്രഷ്ടാക്കള്‍. ആ ദര്‍ശനത്തിന്റെ വക്താക്കളാണ് നാം ഭാരതീയര്‍.
ഭാരതീയ സംസ്‌കാരത്തിലെ ധാര്‍മികബോധത്തെ കുറിച്ച് ചിന്തിക്കുമ്പോള്‍ അതില്‍ സ്വയംബോധം എന്നൊന്നുണ്ട് എന്ന് മനസിലാക്കാന്‍ കഴിയും. സ്വയം ബോധം എന്നാല്‍ നമ്മുടെ തത്ത്വശാസ്ത്രത്തെക്കുറിച്ചും ദര്‍ശനങ്ങളെക്കുറിച്ചും നമുക്കുള്ള കാഴ്ചപ്പാടാണ്. ആ സ്വയംബോധത്തില്‍ ചിന്തിക്കേണ്ട വിഷയമാണ് നവരാത്രി പോലുള്ള ഉത്സവങ്ങള്‍ എന്തിനാണ് എന്നത്.
എല്ലാ ധാര്‍മിക ആഘോഷങ്ങളെയും പോലെ നവരാത്രിയും ഒരു വൈയക്തികമായ ആഘോഷമാണ്. വൈയക്തിക ആഘോഷം എന്ന് പറഞ്ഞാല്‍ ഒരു വ്യക്തിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ആഘോഷം എന്നര്‍ത്ഥം. ഒരു വ്യക്തിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ എന്തൊക്കെയാണ്? ഒരു വ്യക്തിക്ക് ജീവിതത്തില്‍ ധനം ആവശ്യമാണ്. സാമൂഹികമായ പ്രോത്സാഹനം ആവശ്യമാണ്. വ്യക്തിഗതമായ ഉയര്‍ച്ച ആവശ്യമാണ്. അതേപോലെ ഈ സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യങ്ങളും ആവശ്യമാണ്.
ഇനി സമൂഹത്തെ എടുത്താല്‍, സമൂഹത്തിന് അതിന്റേതായ സ്വത്വം ഉണ്ട്. വ്യക്തിത്വം ഉണ്ട്. ആ വ്യക്തിത്വത്തില്‍(ഐഡന്റിറ്റിയില്‍), സമൂഹത്തിന് നില്‍ക്കാന്‍ സാധിക്കണം. അതുകൊണ്ട് സാമൂഹ്യമായ ഉത്സവം കൂടിയാണ് നവരാത്രി. കാരണം അതിനകത്ത് വ്യക്തിയോടൊപ്പം സാമൂഹവും പരിവര്‍ത്തനത്തിനു വിധേയമാകുന്നുണ്ട്.
വ്യക്തി, സമൂഹം, രാഷ്‌ട്രം എന്നിങ്ങനെയുള്ള മൂന്ന് അംശങ്ങളും നവരാത്രിയുമായി ചേര്‍ന്നു നില്‍ക്കുന്നുണ്ട്.
എന്താണ് നവരാത്രിയുടെ പ്രാധാന്യം? ഭാരതത്തിന്റെ തത്ത്വം തന്നെ ഉപാസനയാണ്. ഗുരുപൂര്‍ണിമ, നവരാത്രി, ചാതുര്‍മാസ്യം പോലുള്ള ചടങ്ങുകളും അനുഷ്ഠാനങ്ങളും ഉപാസനയുടെ രൂപങ്ങളാണ്. അവയിലൂടെയുള്ള വൈയക്തികമായ ആത്മപ്രകാശനമാണ് ഭാരതത്തെ നിലനിര്‍ത്തുന്നത്. അതാണ് ഈ രാജ്യത്തിന്റെ മൗലിക ശക്തി. അതിനാല്‍ ഉപാ
സനയിലാണ് ഭാരതത്തിന്റെ നിലനില്പിന്റെ ആധാരം എന്ന് പറയാം. ത്യാഗരാജസ്വാമിയുടെ ഉദാഹരണം ഈ സത്യം തെളിയിക്കുന്ന ഒന്നാണ്. ഭക്തിയെ കീര്‍ത്തനങ്ങളില്‍ പ്രകാശിപ്പിച്ച അദ്ദേഹം ജീവിതത്തിന്റെ അന്തിമകാലത്ത് സംന്യാസം സ്വീകരിച്ചു നാദബ്രഹ്‌മാനന്ദന്‍ എന്ന് പേരു സ്വീകരിച്ചു.
ശ്രീനിവാസ രാമാനുജന്റെ ഗണിതശാസ്ത്ര സിദ്ധാന്തങ്ങളുടെ ഉത്ഭവം വളരെ വ്യക്തവും അത്യന്തം ഗംഭീരവുമാണ്. നാമക്കല്‍ ഭഗവതി സ്വപ്‌നത്തിലൂടെ അദ്ദേഹത്തിന് അതെല്ലാം പ്രദാനം ചെയ്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ എച്ച്.ജി. വെല്‍സിനെ പോലുള്ള വിദേശ ശാസ്ത്രജ്ഞരുടെ ശ്രദ്ധ പിടിച്ചു പറ്റി. പഠനത്തിനായി രാമാനുജനെ അദ്ദേഹം റോയല്‍ സൊസൈറ്റിയിലേക്ക് ക്ഷണിച്ചു. രാമാനുജന്റെ ഭാവനാശക്തിയും ഗണിതശാസ്ത്രത്തിലെ കഴിവും ഇതില്‍ തെളിയുന്നുണ്ട്. എന്നാല്‍ ഈ പ്രതിഭാശക്തിയുടെ ഉത്ഭവം ദൃശ്യപരമായി തെളിയിക്കാനാകാത്ത ഒന്നാണ്. അതായത് അത് അദൃഷ്ടപരമായ സംഭവമാണ്.
നമുക്ക് ഗുരുതത്ത്വം എന്നൊരു തത്ത്വമുണ്ട്. ഭാരതത്തിലല്ലാതെ ഗുരുതത്ത്വം എന്ന സംഗതി മറ്റൊരിടത്തുമില്ല. ആ ഗുരുതത്ത്വം ഒരു വാതായനമാണ്. ആ വാതായനം നമ്മെ സാധനയുടെ ലോകത്തേക്ക് എത്തിക്കുന്നു. ആ സാധനയുടെ ലോകത്തു നിന്നാണ് നമുക്ക് ഗണിതശാസ്ത്രത്തിലെ പരമേശ്വരനെ കിട്ടുന്നത്. അര്‍ത്ഥശാസ്ത്രം എഴുതിയ ചാണക്യനെ കിട്ടുന്നത്. ആദ്യമായി അവരൊക്കെ ചെയ്യുന്നത് സാധന ചെയ്യുകയാണ്. തപസ്സ് ചെയ്യുകയാണ്.
അങ്ങനെ തപസ് ചെയ്യുമ്പോള്‍ വൈയക്തികമായി വളര്‍ച്ച ഉണ്ടാവും. അതിനുള്ള പദ്ധതികള്‍ നമുക്കുണ്ട്. അതിന്റെ പേരുകള്‍ ദേവത എന്ന പേരില്‍ അറിയപ്പെട്ടു. ഇത് വ്യക്തി, സാമൂഹ്യ, രാഷ്‌ട്രപരമായ അഭിവൃദ്ധിയിലേക്കുള്ള വഴിയാണ്. ഉപാസനയുള്ള വ്യക്തി് ജീവിതത്തില്‍, ബിസിനസില്‍, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ എന്തെല്ലാം മാറ്റം വരുത്താമെന്ന് ആലോചിക്കുകയും ആ വിജയവഴികള്‍ നിര്‍മ്മിക്കുകയും ചെയ്യും. വേദങ്ങളില്‍ ‘ഗണപതി’ മന്ത്രം വ്യക്തിപരമായും സാമൂഹികമായും രാഷ്‌ട്രപരമായും ഉപയോഗിക്കുന്നത് കാണാം. വ്യക്തിയുടെ വളര്‍ച്ചക്കും സമൂഹത്തിന്റെ പുരോഗതിക്കും അടിസ്ഥാനമായ വൈദിക പദ്ധതിയാണത്.
ഐശ്വര്യം എന്നത് സവിശേഷമായി ഈശ്വരീയതയില്‍ നിന്നാണ് ഉണ്ടാവുക. ആഴത്തിലുള്ള ആത്മീയതയിലൂടെയാണ് അത് രൂപപ്പെടുക. നല്ലൊരു കവി, എഴുത്തുകാരന്‍, തന്റെ കഴിവ് മനോഹരമായി ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായിത്തന്നെ ഐശ്വര്യം ലഭിക്കും. അതൊരു ആത്മീയവും സൃഷ്ടിപരവുമായ സമര്‍പ്പണം കൂടിയാകണം. അതിന്റെ ഫലമായി വ്യക്തി മാത്രമല്ല, സമൂഹവും അതിന്റെ ഗുണങ്ങള്‍ അനുഭവിക്കും. ഉപാസനാ ശക്തിയും വ്യക്തിയുടെ ആത്മബോധവും നൈതികവും സാമൂഹികവുമായ വളര്‍ച്ചയ്‌ക്ക് വഴിയൊരുക്കും.
അപ്പോള്‍ വ്യക്തി സമൂഹത്തിലും ചരിത്രത്തിലും ശ്രദ്ധേയനാവും. ഓരോ വ്യക്തിയുടെയും ഉപാസനാപാത അതിന്റെ അര്‍ത്ഥത്തെ കണ്ടെത്തുന്നതിനുള്ള യാത്രയാണ്. ഭാരത പൈതൃകത്തില്‍ ഈ ഉപാസനാവിധികള്‍ എല്ലാം ഓരോ വ്യക്തികള്‍ക്കും പ്രായോഗികമായി ചെയ്യാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നു. അതിനാല്‍ ഓരോരുത്തര്‍ക്കും സ്വന്തം പാത കണ്ടെത്താന്‍ കഴിയും.
വൈദിക സാഹിത്യത്തില്‍ ഒരു പ്രയോഗമുണ്ട്. അഗ്‌നി എന്നാണ് ഭാരതത്തിന്റെ അര്‍ത്ഥം. സാധാരണ അഗ്‌നിയല്ല അത്, പ്രജ്വലിക്കുന്ന അറിവാണ്. വാഗ്‌ദേവി സൂക്തം എന്നൊരു സൂക്തം ഉണ്ട് വേദത്തില്‍. ആ മന്ത്രങ്ങള്‍ അസാധാരണ മന്ത്രങ്ങളാണ്. ‘ഞാന്‍ ആരാണ്? എന്ന ചോദ്യത്തിന് ‘ഞാന്‍ രാഷ്‌ട്രമാണ്’ എന്ന് ദേവി സ്വയം പറയുന്ന മന്ത്രമാണത്. ഞാനാണ് ഇവരെയൊക്കെ വസിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ‘പ്രഥമയജ്ഞയാനാം’ ഞാനാണ്(യജ്ഞം ചെയ്യുമ്പോള്‍ ആദ്യം പൂജിക്കപ്പെടേണ്ട ദേവി). നാമോരുത്തരും ജീവിക്കുന്നതിനു കാരണക്കാരായ വസുക്കള്‍ ആ ദേവി ഉള്ളതുകൊണ്ടാണ് ഇവിടെ നില്‍ക്കുന്നത്. ഇത് രാഷ്‌ട്രദേവി നേരിട്ട് പറഞ്ഞ വാക്കാണ്. ‘അഹം രുദ്രേഭിര്‍’, ഞാനാണ് രുദ്രന്മാരെ നിലനിര്‍ത്തുന്നത്. ‘അഹം രാഷ്‌ട്രീ’ ഞാന്‍ രാഷ്‌ട്രമാകുന്നു. ആ രാഷ്‌ട്രദേവിയായ എന്നെയാണ് നിങ്ങള്‍ ആദ്യമായി പൂജിക്കേണ്ടത്. കാരണം ഞാന്‍ ഉണ്ടെങ്കിലേ നിങ്ങള്‍ ഉള്ളൂ. നിങ്ങള്‍ ഉണ്ടാവണമെങ്കില്‍ രാഷ്‌ട്രം എന്ന ‘ഞാന്‍’ ഉണ്ടാവണം. ഇവിടേക്ക് എത്തിനില്‍ക്കുന്നു നവരാത്രി. അത് കൊണ്ട്, നവരാത്രി വൈയക്തികവും സാമൂഹികവും രാഷ്‌ട്രപരവും ചേര്‍ന്നതാണ്.
സര്‍ഗ്ഗാത്മകമായ ഒരു സംഗതി സൃഷ്ടിക്കപ്പെടുന്നത് എങ്ങനെയാണ്? രവിവര്‍മ്മ ചിത്രങ്ങള്‍ നമ്മള്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. കാരണം ആ ചിത്രങ്ങള്‍ക്കകത്ത് ഒരു ജീവന്‍ തുടിക്കുന്നു. അതിനകത്തൊരു സാധന ഉണ്ട്. അതിനകത്തൊരു കലയുണ്ട്. നമ്മള്‍ ഇപ്പോഴും കാളിദാസ കൃതികളെ പാരാട്ടുന്നവരാണ്. കാരണം അവയ്‌ക്കൊരു ജീവനുണ്ട്. അതിനൊരു ആന്തരിക കലയുണ്ട്, ആത്മീയ പ്രചോദനമാണ് അവയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഭാരതത്തില്‍ യോഗത്തിന്റെ ലക്ഷ്യം മനസ്സ് ശാന്തമാക്കലാണ്. ചിത്തവൃത്തികളെ നിരോധിച്ച് ഉള്ളിലെ ആന്തരിക ശാന്തി നേടുക. ആ ശാന്തിയിലേക്കുള്ള വഴിയാണ് സൃഷ്ടിപ്രവൃത്തി. അതുകൊണ്ടാണ് മഹാന്മാരായ കലാകാരന്മാര്‍ അവരുടെ സൃഷ്ടികളുടെ ആന്തരിക സമാധാനത്താല്‍ മുന്നോട്ടുപോകുന്നത്.
സാധകന്‍ ഒരിക്കലും അനാവശ്യമായ വാക്കുകൊണ്ട് മുഷിപ്പിക്കില്ല. സാധകരുടെ വാക്കുകള്‍ക്ക് അങ്ങേയറ്റം മൂല്യമുണ്ടാവും. അതിനെ സ്വര്‍ണത്തിന്റെ മൂല്യമായിട്ടാണ് നമ്മള്‍ കണക്കാക്കുക. എന്തിനാണ് അരിയില്‍ എഴുതുന്നത് എന്നറിയാമോ? അരി ഒരിക്കലും ക്ഷതമില്ലാത്ത വസ്തുവാണ്. ‘അന്നം വൈ ബ്രഹ്‌മ.’ അന്നം എന്ന് പറഞ്ഞാല്‍ ബ്രഹ്‌മം തന്നെയാകുന്നു. ആ അന്നത്തിലാണ്, അരിയിലാണ് ആദ്യക്ഷരം എഴുതിക്കുന്നത്.
മലയാളത്തില്‍ മാത്രമല്ല, ഭാരതത്തിലെ എല്ലാ ഭാഷയിലും ‘അ ആ ഇ ഈ ഉ ഊ’ എന്നാണ് അക്ഷരമാല ആരംഭിക്കുക. എന്തുകൊണ്ടാണ് അങ്ങനെ വരുന്നത്? ഋഗ്വേദത്തിലെ ആദ്യത്തെ മന്ത്രം എഴുതി നോക്കൂ. ‘അഗ്‌നിമീളേ പുരോഹിതം യജ്ഞസ്യ ദേവമൃത്യുജം’ എന്നതാണ് പ്രഥമ മന്ത്രം. ഇതിലെ സ്വരാക്ഷരങ്ങളെ മാത്രം വേറെ എടുത്തു നോക്കൂ. മനുഷ്യരാശിക്ക്, ലോകത്തിന് ഭാഷ കൊടുത്തത് ഭാരതമാണ്. അത് അഗ്‌നി ആയതുകൊണ്ട് ആ ഭാവത്തില്‍ നിന്നുകൊണ്ടാണ് നാം ഉപാസന ചെയ്യേണ്ടത്.
ഇത് തന്നെയാണ് ഭാരതത്തിലെ വിജ്ഞാനത്തിന്റെ, അറിവിന്റെ പാരമ്പര്യം. അത് പുതുമയുടെ പ്രകാശം വിതറും. നമ്മുടെ സര്‍ഗ്ഗാത്മകതയെ കണ്ടെത്തുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. അതാണ് യഥാര്‍ത്ഥ വിജയം. നവരാത്രിയുടെ ലക്ഷ്യവും അതാണ്.