സ്റ്റോക്ഹോം: 2025 ലെ സാമ്പത്തികശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജോയല്‍ മോകിര്‍, ഫിലിപ്പ് അഗിയോണ്‍, പീറ്റര്‍ ഹോവിറ്റ് എന്നിവര്‍ക്ക് ലഭിച്ചു. നവീകരണത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വളര്‍ച്ചയെ വിശദീകരിച്ച സംഭാവനയ്ക്കാണ് ഈ വര്‍ഷത്തെ ബഹുമതി.
അമേരിക്കയിലെ ഇവാന്‍സ്റ്റണിലെ നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറായ ജോയല്‍ മോകിര്‍, ഫ്രാന്‍സിലെ കോളജ് ഡി ഫ്രാന്‍സിലും ബ്രിട്ടനിലെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സിലും പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് അഗിയോണ്‍, അമേരിക്കയിലെ ബ്രൗണ്‍ സര്‍വകലാശാലയിലെ പ്രൊഫസര്‍ പീറ്റര്‍ ഹോവിറ്റ് എന്നിവരാണ് പുരസ്‌കാരജേതാക്കള്‍.
സാങ്കേതിക കണ്ടുപിടുത്തങ്ങളും ചരിത്രപരമായ സാമ്പത്തിക മാറ്റങ്ങളും തമ്മിലുള്ള ബന്ധം തെളിയിച്ച ഗവേഷണങ്ങളിലൂടെ സുസ്ഥിര വളര്‍ച്ചയ്ക്കാവശ്യമായ ഘടകങ്ങളെ തിരിച്ചറിഞ്ഞതാണ് മോകിറിന്റെ പ്രധാന നേട്ടം.
അതേസമയം, ‘സൃഷ്ടിപരമായ നാശം’ എന്ന ആശയം അടിസ്ഥാനമാക്കി സാമ്പത്തിക വളര്‍ച്ചയുടെ ഗണിതശാസ്ത്ര മാതൃക രൂപപ്പെടുത്തിയതാണ് അഗിയോണ്‍ഹോവിറ്റ് കൂട്ടുകെട്ടിന് നൊബേല്‍ സമ്മാനിച്ചത്.
ഈ മാതൃക പ്രകാരം പഴയ സംവിധാനങ്ങളെ പുതുമയുള്ള ഉല്‍പ്പന്നങ്ങളും ആശയങ്ങളും മാറ്റിസ്ഥാപിക്കുന്നതാണ് വികസനത്തിന്റെ അടിസ്ഥാനം.
വൈദ്യശാസ്ത്രം, രസതന്ത്രം, സമാധാനം, സാഹിത്യം എന്നീ വിഭാഗങ്ങളിലെ നൊബേല്‍ അവാര്‍ഡുകള്‍ ഇതിനോടകം പ്രഖ്യാപിച്ചിരുന്നു.