‘ലോക: ചാപ്റ്റര്‍ വണ്‍- ചന്ദ്ര’യുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവരെ പ്രശംസിച്ച് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. ഏറ്റവും മികച്ച സാങ്കേതികപ്രവര്‍ത്തകരും അഭിനേതാക്കളുമാണ് ചിത്രത്തിനുവേണ്ടി അണിനിരന്നതെന്ന് ദുല്‍ഖര്‍ പറഞ്ഞു. ‘കുറുപ്പും’ ‘കിങ് ഓഫ് കൊത്ത’യും നിര്‍മിക്കാന്‍ ആവശ്യമായ ബജറ്റുതന്നെ ‘ലോക’യക്കും ചെലവാക്കിയിട്ടുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. ഹൈദരാബാദില്‍ ‘ലോക’യുടെ തെലുങ്ക് പതിപ്പായ ‘കൊത്ത ലോക’യുടെ സക്‌സസ് സെലിബ്രേഷനില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
‘ സംവിധായകനും ഛായാഗ്രാഹകനും തമ്മില്‍ ഒരു ദാമ്പത്യത്തിലേതുപോലെയുള്ള ബന്ധമാണെന്നാണ് ഞാന്‍ കരുതുന്നത്. ബന്ധം സന്തോഷകരമാണെങ്കില്‍ ചിത്രവും ഷൂട്ടിങ്ങും എല്ലാം സന്തോഷകരമാവും. നല്ല സിനിമയുണ്ടാവും. കല്യാണിയും ഞാനും തമ്മില്‍ ഒരുപാട് സാമ്യതകളുണ്ട്. മറ്റൊരു ജന്മത്തിൽ ഞങ്ങള്‍ ഇരട്ടകളായിരുന്നുവെന്ന് തോന്നുന്നു. ചന്ദ്രയെ ഇത്രത്തോളം ആത്മാര്‍ഥതയോടെ മറ്റാരെങ്കിലും അവതരിപ്പിക്കുമായിരുന്നോ എന്നത് സംശയമാണ്.
ലോക’യെക്കാള്‍ സന്തോഷവും പോസിറ്റിവിറ്റിയും നിറഞ്ഞ ക്രൂവും കാസ്റ്റും മറ്റൊരു സിനിമയിലും ഉണ്ടാവില്ല. എല്ലാവരും ചിത്രത്തിനായി തങ്ങളുടെ ഹൃദയവും ആത്മാവും നല്‍കി.ഞങ്ങള്‍ ആദ്യം നിര്‍മിച്ച ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ തന്നെ നസ്ലിന്‍ ഉണ്ടായിരുന്നു. നസ്ലിനോട് സംസാരിച്ചുകൊണ്ടിരുന്നാല്‍, എന്തൊരു ക്യൂട്ടാണെന്ന് മനസിലാവും. ഒരു ബാഗിലെടുത്ത് തൂക്കി വീട്ടില്‍ കൊണ്ടുപോകാന്‍ തോന്നും. ചന്തുവിന്റെ അച്ഛന്‍ ഒരു ഇതിഹാസമാണ്. അദ്ദേഹത്തോടൊപ്പം ഞാന്‍ അഭിനയിച്ചിട്ടുണ്ട്, സമയം ചെലവിട്ടിട്ടുണ്ട്. അച്ഛനെപ്പോലെ തന്നെയാണ് ചന്തുവും‘ – ദുല്‍ഖര്‍ പറഞ്ഞു