
തിരൂർ: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ നാട്ടുകാർക്ക് നേരെ ഉടുമുണ്ട് പൊക്കി കാണിച്ച് ബിഎൽഒ. സ്ത്രീകൾ അടക്കമുള്ളവർ നോക്കിനിൽക്കെയാണ് ബി.എൽ.ഒയുടെ ഈ അഭ്യാസം.
മലപ്പുറം തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ബി.എൽ.ഒ വാസുദേവനാണ് നാട്ടുകാർക്ക് നേരെ പ്രകോപിതനായത്. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേർക്കാണ് മുണ്ട് പൊക്കി നഗ്നത പ്രദർശനം നടത്തിയത്. വീട്ടില്‍ കൊണ്ടുവന്നു ചെയ്തുകൂടെ എന്ന് നാട്ടുകാര്‍ ചോദിച്ചപ്പോൾ വില്ലേജ് ഓഫീസറോട് പറയാനായിരുന്നു ബിഎല്‍ഒയുടെ മറുപടി.
നാട്ടുകാര്‍ വീഡിയോ എടുക്കുന്നത് കണ്ട് ഉദ്യോഗസ്ഥനും ഫോണ്‍ എടുത്ത് വിഡിയോ റെക്കോര്‍ഡ് ചെയ്തിരുന്നു. തുടര്‍ച്ചയായി പ്രകോപനം ഉണ്ടായതോടെയാണ് ബിഎല്‍എ എഴുന്നേറ്റുനിന്ന് ക്യാമറക്ക് നേരെ മുണ്ടുയര്‍ത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബി എൽ ഒയ്‌ക്കെതിരെ നടപടിയെടുത്ത് ജില്ലാ കളക്ടർ. ഇയാളെ ബിഎൽഒ എന്ന ചുമതലയിൽ നിന്നും ഒഴിവാക്കി. പകരം മറ്റൊരാളെ ചുമതല ഏൽപ്പിച്ചു.
പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ചെയ്തുവെന്നായിരുന്നു വാസുദേവൻ നൽകിയ വിശദീകരണം. എന്നാൽ ഇത് ജില്ലാ ഭരണകൂടം അംഗീകരിച്ചില്ല. ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട പ്രവൃത്തിയല്ല ഇതെന്ന് കളക്ടർ അറിയിച്ചു.