
ആസ്വാദക മനസ്സുകളില്‍ സാന്ദ്രലയത്തിന്റെ സംഗീത മഴ പെയ്യിക്കുകയായിരുന്നു പാലക്കാട് അശ്വതി മണ്ഡപത്തിലെ നാല് പകലിരവുകള്‍. കര്‍ണാടക സംഗീതം, ഹിന്ദുസ്ഥാനി സംഗീതം, പാശ്ചാത്യ സംഗീതം എന്നീ മേഖലകളിലെ നിരവധി കലാകാരന്മാര്‍ പാലക്കാട് തപസ്യ സുവര്‍ണ്ണ ജൂബിലി സംഗീതോത്സവ വേദിയില്‍ എത്തിയപ്പോള്‍ അത് സംഗീത ആസ്വാദകര്‍ക്ക് എന്നെന്നും കുളിര്‍മ നല്‍കുന്ന അനുഭവമായി മാറി. എല്ലാ സംഗീതവും ഒന്നാണെന്നും അതിന് അതിര്‍വരമ്പുകളില്ലെന്നും പ്രസിദ്ധ വീണാ വിദ്വാന്‍ അനന്തപത്മനാഭന്‍ തന്റെ വീണനാദത്തിലൂടെയും വാക്കുകളിലൂടെയും ആസ്വാദകരോട് സംവദിച്ചപ്പോള്‍ അതവര്‍ക്ക് മനസ്സുനിറഞ്ഞ ഒരു അനുഭവമായി മാറി. ഏഴു സ്വരങ്ങളും നിറഞ്ഞാടിയപ്പോള്‍ വീണുടഞ്ഞത് എല്ലാത്തരം വിഭാഗീയതുകളുമായിരുന്നു. ഉയര്‍ച്ച താഴ്ചകളുടെ വേര്‍തിരിവുകളാണ്. ജ്ഞാനികള്‍ എന്ന അഹങ്കാരത്തിന്റെ അണക്കെട്ടുകളാണ് ഇവര്‍ തകര്‍ത്തത്.
ഭാരതീയരെ സംബന്ധിച്ചിടത്തോളം ഈശ്വരനിലേക്ക് എത്തുവാനുള്ള ഒരു മാര്‍ഗ്ഗമാണല്ലോ സംഗീതം. അതാണ് ത്യാഗരാജ സ്വാമികളും ദീക്ഷിതരും ശ്യാമശാസ്ത്രികളും കാണിച്ചുതന്നത്.
2026 ജനുവരി 17 മുതല്‍ 20 വരെയുള്ള നാലു ദിനരാത്രങ്ങളില്‍ പാലക്കാട് വടക്കന്തറ അശ്വതി മണ്ഡപത്തില്‍ ഏകദേശം 200 കലാകാരന്മാര്‍ തപസ്യ സംഗീതോത്സവത്തില്‍ പങ്കെടുത്തു. പതിനേഴാം തീയതി രാവിലെ മുതല്‍ ത്യാഗരാജ സ്വാമികളുടെ ദിവ്യ നാമകീര്‍ത്തനങ്ങള്‍, ഊത്തുക്കാട് വെങ്കിട കവിയുടെ കാമാക്ഷി നവാവരണ കൃതികള്‍, ലാല്‍ഗുഡി പഞ്ചരത്ന കീര്‍ത്തനങ്ങള്‍, ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കീര്‍ത്തനാലാപനം എന്നിവ വിവിധ സെഷനുകളിലായി ആലപിച്ചു. ഇത്രയും കൃതികള്‍ ഒറ്റ വേദിയില്‍ വിവിധ അവസരങ്ങളില്‍ അവതരിപ്പിച്ചപ്പോള്‍ അത് സംഗീതജ്ഞര്‍ക്ക് വേറിട്ട ഒരു അനുഭവം തന്നെയായി.

ഒന്നാം ദിനം
ആദ്യ ദിവസം കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് ഉദ്ഘാടനത്തിനായി എത്തിയപ്പോള്‍ സംഗീതജ്ഞര്‍ ആരഭി രാഗത്തിലുള്ള പഞ്ചരത്ന കീര്‍ത്തനം ആലപിക്കുകയായിരുന്നു. തന്റെ വിഐപി പദവി കണക്കിലെടുക്കാതെ, പാദരക്ഷകള്‍ പോലും ഉപേക്ഷിച്ച മന്ത്രി കൈകൂപ്പി സംഗീതജ്ഞര്‍ക്കൊപ്പം താളം പിടിച്ചിരുന്നു. വരാളി, ശ്രീരാഗം എന്നീ കീര്‍ത്തനങ്ങള്‍ പാടി കഴിഞ്ഞതിനുശേഷം മാത്രമാണ് ആദരണീയനായ മന്ത്രി അവിടെ നിന്നും എഴുന്നേറ്റത്. പഞ്ചരത്ന കീര്‍ത്തനാലാപനത്തില്‍ പങ്കെടുത്ത മുതിര്‍ന്ന സംഗീതജ്ഞരെ സാംസ്‌കാരിക വകുപ്പ് മന്ത്രി ആദരിക്കുകയുണ്ടായി. ഭാരതത്തിന്റെ അടിത്തറ സാംസ്‌കാരിക പൈതൃകമാണെന്നും, ഈ സാംസ്‌കാരിക മൂല്യങ്ങള്‍ വരും തലമുറകള്‍ക്ക് പകര്‍ന്നു നല്‍കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സംഗീതത്തിന് അതിര്‍വരമ്പുകളില്ല. അത് ഏവരെയും കൂട്ടിയിണക്കും. കേരളത്തിന്റെ സംഗീതം ഭക്തിയുമായി ചേര്‍ന്നൊഴുകുന്നതാണെന്നും ഗജേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.
ഉദ്ഘാടന ചടങ്ങില്‍ സംസ്‌കാര്‍ ഭാരതി ദേശീയ അധ്യക്ഷന്‍ ഡോ. മൈസൂര്‍ മഞ്ജുനാഥ്, ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍, സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍, പാലക്കാട് മുനിസിപ്പല്‍ ചെയര്‍മാന്‍ സ്മിതേഷ്, ചെമ്പൈ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മനോജ് കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു. തുടര്‍ന്ന് അവതരിപ്പിച്ച കര്‍ണാട്ടിക്- ഹിന്ദുസ്ഥാനി ജുഗല്‍ബന്ദിയില്‍ പണ്ഡിറ്റ് തരുണ്‍ ഭട്ടാചാര്യ (സന്തൂര്‍), ആദര്‍ശ ഷേണായി (തബല), മൈസൂര്‍ മഞ്ജുനാഥ് (വയലിന്‍), ബാംഗ്ലൂര്‍ അര്‍ജന്‍കുമാര്‍ (മൃദംഗം) എന്നിവര്‍ പങ്കെടുത്തു.
രണ്ടാം ദിനം
മുത്തുസ്വാമി ദീക്ഷിതരുടെ ഇരുനൂറ്റിയന്‍പതാം ജന്മവാര്‍ഷികം പ്രമാണിച്ച് സംഗീതോത്സവത്തിന്റെ രണ്ടാം ദിനം മഹാനായ ആ വാഗ്ഗേയകാരന് സമര്‍പ്പിച്ചുകൊണ്ടുള്ള വിവിധ പരിപാടികളാണ് നടന്നത്. രാവിലെ ആദ്യ സെമിനാറില്‍ സംഗീതജ്ഞ ഡോ. ഭാവന രാധാകൃഷ്ണന്‍ നവാവരണ കൃതികളെ അവലോകനം ചെയ്തു. തുടര്‍ന്ന് താമരക്കാട് ഗോവിന്ദന്‍ നമ്പൂതിരി നവാവരണ കൃതികള്‍ ആലപിച്ചു. ഡോ. സിന്ധു ദിലീപ് (വയലിന്‍), ഗുരുവായൂര്‍ സനോജ് (മൃദംഗം) എന്നിവര്‍ പക്കമേളം ഒരുക്കി. ഉച്ചയ്‌ക്കുശേഷം നടന്ന സെമിനാറില്‍ പ്രൊഫ. എം.എന്‍. സാവിത്രി നവഗ്രഹ കൃതികളെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ഡോ. ഭാവന രാധാകൃഷ്ണന്‍, പ്രൊഫ. എം. എന്‍. സാവിത്രി, ഡോ. രേണു പി, ഡോ. ബി. സിന്ധു, ഡോ. സിത്താര വി, സി.എന്‍. പ്രീത (വീണ) എന്നിവര്‍ നവഗ്രഹ കൃതികളുടെ ആലാപനത്തില്‍ പങ്കെടുത്തു. പാലക്കാട്ട് ടി.ആര്‍. രാജാമണിയുടെ നേതൃത്വത്തില്‍ ശിഷ്യര്‍ അവതരിപ്പിച്ച മിശ്രലയ പ്രവാഹം എന്ന പരിപാടിയായിരുന്നു പിന്നീട് നടന്നത്. അതിനുശേഷം ആര്യദത്ത-പ്രിയദത്ത സഹോദരിമാരുടെ വയലിന്‍ദ്വയക്കച്ചേരിയില്‍ വിഷ്ണു ചിന്താമണി (മൃദംഗം), വിഷ്ണു വി. കമ്മത്ത് (ഗഞ്ചിറ) എന്നിവര്‍ പക്കമേളം വായിച്ചു. തുടര്‍ന്നു നടന്ന വിഷ്ണുദേവിന്റെ സംഗീതക്കച്ചേരിക്ക് തിരുവനന്തപുരം വി. സമ്പത്ത് (വയലിന്‍), ബാലകൃഷ്ണ കമ്മത്ത് (മൃദംഗം), പയ്യന്നൂര്‍ ഗോവിന്ദപ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം ഒരുക്കി.

മൂന്നാം ദിവസം
മൂന്നാം ദിനത്തില്‍ രാഗസുധാരസം എന്ന സിമ്പോസിയത്തില്‍ പ്രശസ്ത എഴുത്തുകാരി ഡോ.വി. സുജാത അധ്യക്ഷത വഹിച്ചു. സംഗീതം ഉള്‍പ്പെടെ കലാസാഹിത്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന നവരസങ്ങളുടെയെല്ലാം സ്രോതസ്സ് നാദബ്രഹ്‌മമാണെന്നും,എല്ലാ രസങ്ങളും അവയുടെ നിര്‍മല ഭാവത്തില്‍ ആനന്ദമയമാണെന്നും ഡോ.സുജാത അഭിപ്രായപ്പെടുകയുണ്ടായി. കലാമണ്ഡലം ബാബു നമ്പൂതിരി കഥകളി സംഗീതത്തെക്കുറിച്ചും, ചേപ്പാട് വാമനന്‍ നമ്പൂതിരി കര്‍ണാടക സംഗീതത്തെക്കുറിച്ചും, അറക്കല്‍ നന്ദകുമാര്‍ ലളിത സംഗീതത്തെക്കുറിച്ചും ചലച്ചിത്ര സംഗീതത്തെ കുറിച്ചും വിഷയങ്ങള്‍ അവതരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ മുരളി പാറപ്പുറം മോഡറേറ്ററായിരുന്നു. സംഗീതത്തെക്കുറിച്ച് സവിശേഷമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതായിരുന്നു ഈ സിമ്പോസിയം.
ചെമ്പൈ ഭാഗവതര്‍ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച വേദിയില്‍ തപസ്യ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ യു.പി.സന്തോഷ് അധ്യക്ഷത വഹിച്ചു. ”സംഗീതം സ്ഥലകാലങ്ങള്‍ക്കതീതമാണെന്ന ബോധ്യം ഉണ്ടായിരുന്ന സംഗീതജ്ഞനായിരുന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍. റെയില്‍വെ പ്ലാറ്റ്‌ഫോമിലും ബാങ്കിനകത്തുമൊക്കെ അദ്ദേഹം കച്ചേരി നടത്തിയത് അതിന് തെളിവാണ്. സംഗീതത്തിന് ജാതിയില്ലെന്നും അദ്ദേഹം വിശ്വസിച്ചു. ജാത്യാഭിമാനത്തേക്കാള്‍ താന്‍ വിലമതിക്കുന്നത് ജാതിയില്‍ താഴ്ന്നവരുടെ സംഗീതസിദ്ധിയെ ആണെന്ന് ചെമ്പൈ പറഞ്ഞിട്ടുണ്ട്” യു.പി. സന്തോഷ് അഭിപ്രായപ്പെട്ടു. വിജയാംബിക, ചെമ്പൈ സുരേഷ് എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീത കച്ചേരിയായിരുന്നു പിന്നീട് നടന്നത്. ആസ്വാദക മനസ്സുകളെ ഈ ആലാപനം ആനന്ദത്തിലാറാടിച്ചു. സംഗീതക്കച്ചേരിയില്‍ മാഞ്ഞൂര്‍ രഞ്ജിത്ത് (വയലിന്‍), പാലക്കാട് മഹേഷ് കുമാര്‍ (മൃദംഗം), കോട്ടയം ഉണ്ണികൃഷ്ണന്‍ (ഘടം) എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്‌ക്ക് രണ്ടുമണിക്ക് കേരള കലാമണ്ഡലം അസി. പ്രൊഫ. ഇടപ്പള്ളി അജിത്ത് നയിച്ച ‘ഭാവയാമി രഘുരാമം’ ശില്‍പ്പശാല സംഗീതാസ്വാദകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വ്യത്യസ്തമായ ഒരു അനുഭവം ആയിരുന്നു. യുവസംഗീതജ്ഞരായ ആദിത്യ ദേവ് പുന്നയൂര്‍ക്കുളം(വായ്‌പാട്ട്), ആദര്‍ശ് അജയകുമാര്‍, അനിരുദ്ധരാജ് എന്‍ (മൃദംഗം) എന്നിവര്‍ അവതരിപ്പിച്ച സംഗീത കച്ചേരി ആസ്വാദകരെ ഹഠാകര്‍ഷിച്ചു. നെടുമ്പള്ളി രാംമോഹന്‍ – മീരാ രാംമോഹന്‍ എന്നിവരുടെ കഥകളിപ്പദ കച്ചേരിക്ക് ഇടപ്പള്ളി അജിത്ത് (വയലിന്‍), കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന്‍ (മൃദംഗം), ദീപു ഏലംകുളം എന്നിവര്‍ പക്കമേളം വായിച്ചു. പണ്ഡിറ്റ് അശ്വിന്‍ ദാല്‍വിയുടെ കച്ചേരിക്ക് കാര്‍ത്തിക് കൃഷ്ണ തബല വായിച്ചു.
നാലാം ദിനം
നാലാം ദിനത്തില്‍ രാവിലെ നടന്ന സെമിനാറില്‍ ‘ദ എവലൂഷന്‍ ഓഫ് ജാസ് മ്യൂസിക് ‘ എന്ന വിഷയത്തില്‍ ജൂലിയസ് ഗബ്രിയേല്‍ പ്രബന്ധം അവതരിപ്പിച്ചു. ‘ഈസ് മ്യൂസിക് യൂണിവേഴ്സല്‍’ എന്ന വിഷയം നെട് മക്ഗോവന്‍ അവതരിപ്പിച്ചു.
സമാപന സമ്മേളനത്തില്‍ തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് പ്രൊഫ. പി.ജി.ഹരിദാസ് അധ്യക്ഷത വഹിച്ചു. ”ലോകത്തിന് കലയുടെ മേഖലയില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ നാടാണ് ഭാരതം. ഭൗതിക സുഖം മാത്രമല്ല, സദാചാരപരമായ ജീവിതവുമാണ് കലയിലൂടെ ലക്ഷ്യമാക്കിയിരുന്നത്. ഈ സംസ്‌കാരത്തെ തകര്‍ക്കാന്‍ വിദേശ ശക്തികള്‍ ശ്രമിച്ചെങ്കിലും അതിനെ മറികടക്കാന്‍ ഭാരതത്തിന് കഴിഞ്ഞു” പി.ജി. ഹരിദാസ് പറഞ്ഞു. സുവര്‍ണ്ണ ജയന്തി സന്ദേശം രാഷ്‌ട്രീയ സ്വയംസേവക സംഘം മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍ നല്‍കി. സമൂഹത്തിന് ദിശാബോധം നല്‍കുന്ന രീതിയില്‍ ഭാരതത്തിന്റെ സാംസ്‌കാരികത്തനിമ ഉയര്‍ത്തിപ്പിടിക്കുന്ന കലകളെ പ്രോത്സാഹിപ്പിക്കണമെന്ന് സേതുമാധവന്‍ അഭിപ്രായപ്പെട്ടു. സംസ്‌കാര്‍ ഭാരതി അഖിലേന്ത്യ സംഘടന സെക്രട്ടറി അഭിജിത് ഗോഖലെ, ദേശീയ സമിതി അംഗം കെ.ലക്ഷ്മി നാരായണന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി രജിത് കുമാര്‍, സംഗീതോത്സവം സംയോജകന്‍ രാജീവ് കെ.വി. തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ലോകപ്രശസ്ത സംഗീതജ്ഞരായ ഫ്രാന്‍സിലെ മാര്‍ക്ക് ട്യുന്‍സ്ട്രേ (ഗിത്താര്‍), ജര്‍മ്മനിയിലെ ജൂലിയസ് ഗബ്രിയേല്‍ (സാക്സഫോണ്‍), ഹോളണ്ടിലെ പോയിന്റ് വാന്‍ ജയില്‍ (വയലിന്‍), നട്ട് മദ്ഗോവന്‍ നെതര്‍ലാന്‍ഡ് (ഫ്ലൂട്ട്), ലോറന്‍സ് പെക്കാള്‍ ലക്സംബര്‍ഗ് (ഗിത്താര്‍), ബെഞ്ചി മാള്‍ട്ട (ഡ്രംസ്സ്), പ്രണവ് ദത്ത് ഇന്ത്യന്‍ പെര്‍ക്കഷ്ണിസ്റ്റ്, സുമന്ത് മഞ്ജുനാഥ്, ഇന്ത്യന്‍ വയലിനിസ്റ്റ് എന്നിവര്‍ പങ്കെടുത്ത വേള്‍ഡ് മ്യൂസിക് കോണ്‍സെര്‍ട്ട് സംഗീത ആസ്വാദകരെ സന്തോഷിപ്പിച്ചു.
കല്‍പ്പാത്തി സംഗീതോത്സവം ഉള്‍പ്പെടെ വിവിധ സംഗീതോത്സവങ്ങള്‍ നടക്കുന്ന സംഗീതത്തിന്റെ മണ്ണാണ് പാലക്കാട്. ഈ സംഗീത നഗരിയില്‍ നാല് ദിവസം നീണ്ടുനിന്ന തപസ്യയുടെ രാജ്യാന്തര സംഗീതോത്സവം പുതിയൊരു അനുഭവമായിരുന്നു. സെമിനാറുകള്‍, സിമ്പോസിയം, ശില്‍പ്പശാല, വിവിധതരത്തിലുള്ള സംഗീത കച്ചേരികള്‍, ജുഗല്‍ബന്ദി എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള തപസ്യ സുവര്‍ണ്ണ ജൂബിലി അന്താരാഷ്‌ട്ര സംഗീതോത്സവം എന്നെന്നും ഓര്‍മ്മകളില്‍ തങ്ങിനില്‍ക്കുന്ന കലാനുഭവം ആയിരുന്നു.