
കാസർകോട്: ലൈംഗികാതിക്രമ ആരോപണത്തിൽ അടിസ്ഥാനമുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്തതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. രാഹുൽ മാങ്കൂട്ടത്തിൽ വടികൊടുത്ത് അടിവാങ്ങുകയായിരുന്നുവെന്നും നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പാർലമെൻ്ററി പാർട്ടിയിൽനിന്ന് പുറത്താക്കിയിട്ടും രാഹുൽ പാർട്ടിയെ വെല്ലുവിളിക്കുകയും ഇരയെയും മാധ്യമങ്ങളെയും വെല്ലുവിളിക്കുന്ന സമീപനം സ്വീകരിക്കുകയും ചെയ്തു. പിആർ ഏജൻസിയെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ രാഹുൽ ആക്രമിച്ചു. പ്രസവിച്ച അമ്മയെ തല്ലിയാൽ രണ്ട് അഭിപ്രായം വരാൻ പാടില്ലെന്നതുപോലെ കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസുകാരായി കാണാൻ തനിക്ക് കഴിയില്ലെന്നും പാർട്ടിയെ വെല്ലുവിളിച്ച രാഹുൽ ഇരയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചതെന്നും ഉണ്ണിത്താൻ കുറ്റപ്പെടുത്തി.
കെ സുധാകരൻ വാക്ക് മാറ്റിപ്പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റിയതെന്നും ഉണ്ണിത്താൻ തുറന്നടിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്‌ട്രീയഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി. ഒരിക്കലും രാഷ്‌ട്രീയത്തിലേക്ക് തിരിച്ചുവരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറിയെന്നും രാജ്മോഹൻ ഉണ്ണിത്താൻ കാസർകോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.