• Tue. Feb 10th, 2026

24×7 Live News

Apdin News

നാലരക്കോടി രൂപ വിലമതിക്കുന്ന വീടും സ്ഥലവും കോൺഗ്രസ് നേതാവിനായി വ്യാജ രേഖകൾ ഉപയോഗിച്ച് തട്ടിച്ചു: സബ് രജിസ്ട്രാർ അറസ്റ്റിൽ

Byadmin

Feb 10, 2026



തിരുവനന്തപുരം: ജവഹർനഗറിലെ കോടികളുടെ വസ്തു തട്ടിപ്പ് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. നാലരക്കോടിയോളം രൂപ വിലമതിക്കുന്ന വീടും സ്ഥലവും വ്യാജ രേഖകൾ ഉപയോഗിച്ച് കൈക്കലാക്കിയ സംഭവത്തിൽ ശാസ്തമംഗലം സബ് രജിസ്ട്രാർ കെ.എസ്. ലക്ഷ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കള്ളിക്കാട് സ്വദേശിനിയായ ലക്ഷ്മി കേസിലെ ഒൻപതാം പ്രതിയാണ്.വിദേശത്ത് താമസിക്കുന്ന ജവഹർ സ്വദേശി ഡോറയുടെ ഉടമസ്ഥതയിലുള്ള 14.5 സെന്റ് സ്ഥലവും വീടുമാണ് കഴിഞ്ഞ ജനുവരിയിൽ വ്യാജ ആധാരം തയ്യാറാക്കി പ്രതികൾ കൈവശപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി.

ഡോറയുടെ വളർത്തുമകളാണെന്ന വ്യാജേന മണക്കാട് പുതുപറമ്പിൽ വീട്ടിൽ മെറിൻ ജേക്കബിന്റെ പേരിൽ വസ്തു ധനനിശ്ചയം നടത്തി. പിന്നീട് മരുതംകുഴി സ്വദേശി ചന്ദ്രസേനന് വിലയാധാരം എഴുതിക്കൊടുക്കുകയായിരുന്നു.വ്യാജ പ്രമാണങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും പ്രതികൾക്ക് സൗകര്യം ഒരുക്കുന്നതിനും ലക്ഷ്മി സജീവമായി ഇടപെട്ടുവെന്നാണ് അന്വേഷണ കണ്ടെത്തൽ. പ്രതികളുടെ തിരിച്ചറിയൽ കാർഡുൾപ്പെടെ വ്യാജമായി ഹാജരാക്കിയാണ് പ്രമാണത്തിൽ ഒപ്പിട്ടത്. ഇതിനായി ലക്ഷ്മി ഇവർക്ക് സൗകര്യം ഒരുക്കിക്കൊടുത്തു.

സംശയംതോന്നാതിരിക്കാൻ സബ് രജിസ്‌ട്രാർ ഓഫീസിനു പുറത്തുവെച്ചാണ് പ്രമാണത്തിൽ പ്രതികൾ ഒപ്പിട്ടത്.പ്രധാന പ്രതിയും മുൻ കോൺഗ്രസ് നേതാവുമായ അനന്തപുരി മണികണ്ഠനിൽ നിന്ന് 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളും കൈക്കൂലിയായി ലക്ഷ്മി കൈപ്പറ്റിയതായും പൊലീസ് പറയുന്നു. വ്യാജ ആധാരത്തിൽ സാക്ഷികളായി ഒപ്പിട്ടത് അനന്തപുരി മണികണ്ഠൻ, സയ്യിദ് അലി, സുനിൽ തോമസ് എന്നിവരും രണ്ടാം പ്രതിയായ ചന്ദ്രസേനന്റെ മരുമകനായ അനിൽ തമ്പിയുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷമാണ് രജിസ്ട്രേഷൻ നടത്തിയതെന്ന നിലപാടായിരുന്നു ലക്ഷ്മി സ്വീകരിച്ചത്. എന്നാൽ സൈബർ തെളിവുകൾ ശേഖരിച്ചതോടെ ഈ വാദം നിലനിൽക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. വസ്തു തട്ടിപ്പ് പുറത്തുവന്നതിനെ തുടർന്ന് രജിസ്ട്രേഷൻ ഐജിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നെങ്കിലും, അന്ന് സമർപ്പിച്ച റിപ്പോർട്ട് മണികണ്ഠനെ അനുകൂലിക്കുന്നതായിരുന്നുവെന്നും അന്വേഷണ സംഘം പറയുന്നു.

 

By admin