
തിരുവനന്തപുരം: ഇന്ത്യയുടെ കപ്പല്‍പടയുടെ കരുത്ത് വിളംബരം ചെയ്യുന്ന ഒന്നായി രാഷ്‌ട്രപതി ദ്രൗപദി മുർമു പങ്കെടുത്ത തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്ത് നടന്ന ഓപ്പറേഷൻ ഡെമോ എന്ന നാവികാഭ്യാസപ്രകടനം. ഐഎൻഎസ് ഇംഫാൽ, ഐഎൻഎസ് ഉദയഗിരി, ഐഎൻഎസ് കൊൽക്കത്ത, ഐഎൻഎസ് തമാൽ, ഐഎൻഎസ് ത്രിശൂൽ, ഐഎൻഎസ് തൽവാർ എന്നിവയുൾപ്പെട്ട പടക്കപ്പലുകളും പായ്‌ക്കപ്പലുകളായ ഐഎൻഎസ് തരംഗിണി, ഐഎൻഎസ് സുദർശിനി എന്നിവയും ശക്തിപ്രകടനത്തിൽ പങ്കാളികളായി.
വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്‌ട്രപതിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ശംഖുമുഖത്തെ വേദിയിലെത്തിയ രാഷ്‌ട്രപതിക്ക് നാവികസേന ഗാർഡ് ഓഫ് ഓണർ നൽകി ആദരവ് അർപ്പിച്ചു. നാവികസേന മേധാവി അഡ്മിറൽ ദിനേശ് കെ ത്രിപാഠിയും ചടങ്ങിൽ സന്നിഹിതനായിരുന്നു. ദേശീയഗാനത്തിനൊപ്പം ഐഎൻഎസ് കൊൽക്കത്തയിൽനിന്നുള്ള 21 ഗൺ സല്യൂട്ടോടെയാണ് വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾക്ക് തിരശ്ശീല ഉയർന്നത്. പരേഡിനും ബാൻഡ് ഷോയ്‌ക്കും ശേഷമാണ് കടലിലെ അഭ്യാസപ്രകടനങ്ങൾ ആരംഭിച്ചത്.
നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് ഇതാദ്യമായാണ് ഇത്രയും വിപുലമായ അഭ്യാസപ്രകടനം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവരും പങ്കെടുത്തു. അരവിന്ദ് നായരുടെ നേതൃത്വത്തിൽ ഡോണിയർ വിമാനങ്ങളുടെ ബോംബിങ് പ്രകടനവും ഫാൻ്റം ഫോർമേഷനിൽ ഹോക്സ് നടത്തിയ ബോംബ് ബേസ്റ്റും കാണികൾക്ക് വിരുന്നായി. ആകാശത്തേക്ക് അമിട്ടുകൾ തൊടുത്തുവിട്ട് ഇന്ത്യൻ പടക്കപ്പലുകൾ ചക്രവാളത്തിന് വർണപ്പകിട്ടേകി. കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമിച്ച് തദ്ദേശീയമായി വികസിപ്പിച്ച വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് ഉൾപ്പെടെ 19 പ്രധാന യുദ്ധക്കപ്പലുകളാണ് അണിനിരന്നത്.
വിക്രാന്തിൽനിന്ന് പറന്നുയർന്ന മിഗ് വിമാനങ്ങളുടെ ലാൻഡിങ്ങും ടേക്ക് ഓഫും പ്രദർശിപ്പിച്ചു. ഇതോടൊപ്പം സീകിങ്ങ്, എം എച്ച് 60 R ഹെലികോപ്റ്ററുകള്‍ പടക്കപ്പലുകളില്‍ ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും ദൃശ്യവിരുന്നായി. മിഗ് 29 യുദ്ധവിമാനങ്ങളുടെ (ബ്ലാക്ക് പാന്തേഴ്സ്) അഭ്യാസപ്രകടനങ്ങളും നടന്നു. ഡോണിയര്‍, P 8I, മിഗ് 29 വിമാനങ്ങളുടെ ഫ്ലൈ പാസ്റ്റും, ആകെ നാൽപ്പതിലേറെ പടക്കപ്പലുകളും അന്തർവാഹിനിയും 32 പോർവിമാനങ്ങളും ചേർന്ന് സേനയുടെ കരുത്തറിയിച്ചു.
കടലിൽ അപകടത്തിൽപ്പെടുന്നവരെ രക്ഷിക്കുന്ന മറൈൻ കമാൻഡോകളുടെ പ്രകടനം കൃത്യതയാർന്നതായിരുന്നു. ചേതക്ക് ഹെലികോപ്റ്ററുകൾ നടത്തിയ തെരച്ചില്‍-രക്ഷാ പ്രവര്‍ത്തനവും (Search and Rescue), ഓളപ്പരപ്പിനു മീതെ നിശ്ചലമായി നിന്ന സീക്കിങ് ഹെലികോപ്റ്ററിൽനിന്ന് കമാൻഡോകൾ ഓരോരുത്തരായി സ്പീഡ് ബോട്ടിലേക്കും കപ്പലിലേക്കും ഇറങ്ങി ബന്ദികളെ മോചിപ്പിക്കുന്നതും നിമിഷങ്ങൾക്കകം ദൗത്യം പൂർത്തിയാക്കി മടങ്ങുന്നതും ആവേശകരമായ കാഴ്ചയായി.
ഓയിൽ റിഗ് എക്സ്പ്ലോഷൻ, ഡൈവർമാരുടെ പ്രദർശനം, സീക്കിങ് ഹെലികോപ്റ്ററുകൾക്ക് സൂചന നൽകുന്ന അണ്ടർ വാട്ടർ കമാൻഡോസ്, ഹോക്ക് കോംബാറ്റ് മാനുവറിങ് എന്നിവയും ശംഖുമുഖം തീരത്തെ ആവേശത്തിലാക്കി. ഐഎൻഎസ് ശിശുമാർ നയിച്ച അന്തർവാഹിനികൾ പങ്കെടുത്ത സെയിൽ പാസ്റ്റും, എറണാകുളം ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നുള്ള 40 സീകേഡറ്റുകള്‍ പങ്കെടുത്ത ഹോണ്‍പൈപ്പ് ഡാന്‍സും ചടങ്ങിന് മാറ്റുകൂട്ടി.
ഐഎൻഎസ് വിദ്യുത് മിസൈൽ ബോട്ടിന്റെ സിമുലേറ്റഡ് മിസൈൽ ലോഞ്ചും ശ്രദ്ധേയമായി. 600 കിലോമീറ്റർ വരുന്ന കേരള തീരം കാക്കുന്ന സാഗർ പ്രഹരി ബൽ എന്ന ഇൻ്റർസെപ്റ്റർ ക്രാഫ്റ്റുകൾ, വേഗതയേറിയ ഐഎൻഎസ് കാബ്ര, ഐഎൻഎസ് കൽപ്പേനി എന്നിവയും പ്രകടനത്തിന്റെ ഭാഗമായി.
1971 ഡിസംബർ നാലിന് കറാച്ചിയിൽ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ ട്രൈഡൻ്റിന്റെ ഓർമയിലാണ് ഈ ദിവസം നാവികസേന ദിനമായി ആചരിക്കുന്നത്. തിരുവനന്തപുരത്ത് ഇതാദ്യമായാണ് നാവികസേന ദിനാഘോഷം സംഘടിപ്പിക്കുന്നത്. ഒരു ലക്ഷത്തോളം പേർ അഭ്യാസപ്രകടനം വീക്ഷിച്ചു.