• Tue. Oct 14th, 2025

24×7 Live News

Apdin News

നാളെ മഹാരാഷ്ട്രക്കെതിരെ കേരളം കളത്തില്‍; ഗ്രീന്‍ഫീല്‍ഡില്‍ ആവര്‍ത്തനത്തിന്റെ പ്രതീക്ഷയുമായി അസ്ഹറുദ്ദീന്‍സേന

Byadmin

Oct 14, 2025


തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ കേരളം നാളെ മഹാരാഷ്ട്രക്കെതിരെ കളത്തിലിറങ്ങും. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം.

മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തിലുള്ള കേരള ടീം, കഴിഞ്ഞ സീസണിലെ ചരിത്ര നേട്ടം ആവര്‍ത്തിക്കാനുള്ള ആത്മവിശ്വാസത്തിലാണ്. സഞ്ജു സാംസണ്‍ ടീമിനൊപ്പം ഉള്‍പ്പെട്ടിട്ടുണ്ട്. മത്സരം ജിയോ ഹോട്ട് സ്റ്റാറില്‍ തത്സമയം സംപ്രേഷണം ചെയ്യും.

കഴിഞ്ഞ സീസണില്‍ ഫൈനലില്‍ എത്തിയെങ്കിലും കിരീടം നഷ്ടമായത് കേരളത്തിനൊരു നൊമ്പരമായി. എങ്കിലും ഒറ്റ മത്സരത്തിലും തോല്‍വി വഴങ്ങാത്ത മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്.

ഇത്തവണയും എലൈറ്റ് ഗ്രൂപ്പ് ബിയിലാണു കേരളം. പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, സൗരാഷ്ട്ര, ചണ്ഡീഗഢ്, മഹാരാഷ്ട്ര, ഗോവ എന്നിവയാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.

സഞ്ജുവിന്റെ സാന്നിധ്യം ടീമിന് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കൂടുതല്‍ മത്സരങ്ങളില്‍ താരം പങ്കെടുക്കുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്.

ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, രോഹന്‍ കുന്നുമ്മല്‍, അഹ്‌മദ് ഇമ്രാന്‍, വത്സല്‍ ഗോവിന്ദ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ടീമിന്റെ കരുത്താണ്.

ബൗളിങ് നിരയില്‍ നിധീഷ് എംഡി, ബേസില്‍ എന്‍പി, ഏദന്‍ ആപ്പിള്‍ ടോം എന്നിവരുണ്ട്. മറുനാടന്‍ താരങ്ങളായ ബാബ അപരാജിത്ത് (വൈസ് ക്യാപ്റ്റന്‍), അങ്കിത് ശര്‍മ്മ എന്നിവരും ടീമിനൊപ്പം.

ശക്തരായ മഹാരാഷ്ട്രക്കെതിരെ കേരളം മികച്ച തുടക്കം കുറിക്കാനാണ് ലക്ഷ്യമിടുന്നത്. അങ്കിത് ബാവ്ന ക്യാപ്റ്റനായ മഹാരാഷ്ട്ര ടീമില്‍ പൃഥ്വി ഷാ, ഋതുരാജ് ഗെയ്ക്വാദ്, ജലജ് സക്സേന, അര്‍ഷിന്‍ കുല്‍ക്കര്‍ണി, രജനീഷ് ഗുര്‍ബാനി, വിക്കി ഓസ്വാള്‍ തുടങ്ങിയ കരുത്തരായ താരങ്ങളുണ്ട്.

കേരളത്തിന് ആദ്യ വിജയത്തോടെ സീസണ്‍ ആത്മവിശ്വാസത്തോടെ ആരംഭിക്കാമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

 

By admin