കേരളത്തിലെ പുള്ളുവര്‍ സമുദായത്തിന്റെ പരമ്പരാഗത കലാരൂപമാണ് പുള്ളുവന്‍പാട്ട്. പരശുരാമഭൂമിയില്‍ നാഗാരാധനയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിപ്പോരുന്ന ജനവിഭാഗമാണ് പുള്ളുവര്‍. ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലെ ചടങ്ങുകളിലും ‘പുള്ളുവന്‍വീണ’ മീട്ടി പാടുന്ന ഈ പാട്ടിന് ഹൈന്ദവ സമൂഹത്തിന്റെ ജീവിതമായും വിശ്വാസമായും അഭേദ്യ ബന്ധമുണ്ട്. പുള്ളുവനും (പുരുഷന്‍) പുള്ളുവത്തിയും (സ്ത്രീ) ചേര്‍ന്നാണ് സാധാരണ ഗാനം ആലപിക്കുന്നത്.
വീടുകള്‍ തോറും നാവേര്‍ പാടിയാണ് പുള്ളുവര്‍ നിത്യവൃത്തി കണ്ടെത്തിയിരുന്നത്. ചെറിയ കുട്ടികള്‍ക്ക് ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാന്‍ നാവേര്‍ പാടിക്കണമെന്ന് വിശ്വസിക്കുന്ന ഒരു ജനവിഭാഗം ഇന്നും ഉണ്ട്. നാവേര്‍ പാടുന്നത് പഴയ കേരളത്തില്‍ ഈ സമുദായത്തിനു കല്‍പ്പിച്ചു നല്‍കപ്പെട്ട അവകാശമായിരുന്നു. പുള്ളോര്‍ക്കുടം (ബ്രഹ്മകുടം), പുള്ളോര്‍വീണ (കൈലാസവീണ), കൈത്താളം (വിഷ്ണുകൈത്താളം) എന്നിവ ഉപയോഗിച്ചാണ് പുള്ളുവര്‍ നാഗസ്തുതികള്‍ പാടുന്നത്. വയലിനോട് സാമ്യമുള്ള ഒരു തന്ത്രി വാദ്യമാണ് പുള്ളുവന്‍ വീണ. വില്ല് ഉപയോഗിച്ചാണ് ഇത് വായിക്കുന്നത്. വലിയ മണ്‍കുടം കൊണ്ടാണ് പുള്ളുവക്കുടം ഉണ്ടാക്കുന്നത്. സ്ത്രീകളാണ് പുള്ളുവക്കുടം സാധാരണ ഉപയോഗിക്കുന്നത്.
കേരളീയ തനതു സംഗീത പാരമ്പര്യത്തിന്റെ ഭാഗവും എന്നാല്‍ പ്രാചീന നാടന്‍ പാട്ടുസംസ്‌കാരത്തില്‍ വേറിട്ടു നില്‍ക്കുന്നതുമായ ശാഖയാണ് പുള്ളുവന്‍ പാട്ട്. ഹൈന്ദവ ജനതയുടെ ആരാധനാനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണ് പുള്ളുവന്‍പാട്ടിനുള്ളത്. കര്‍ണ്ണാടക-സോപാന സംഗീതങ്ങളില്‍ നിന്നെല്ലാം വിഭിന്നമായ താളവും ആലാപന ശൈലിയുമാണ് ഇതിന്. സര്‍പ്പക്കാവുകളും സര്‍പ്പപ്രതിഷ്ഠകളും ആയി അഭേദ്യമാംവിധം ബന്ധപ്പെട്ട അനുഷ്ഠാന കല കൂടിയാണ് പുള്ളുവന്‍പാട്ട്. കളമെഴുത്തുപാട്ടില്‍ ഭഗവതിയെ ആരാധിക്കുന്നതു പോലെ പുള്ളുവന്‍പാട്ടില്‍ നാഗത്താന്‍മാരാണ് ആരാധനാ മൂര്‍ത്തികള്‍.
ഐതിഹ്യമനുസരിച്ച് കൈലാസത്തിലാണ് പുള്ളുവരുടെ ഉത്ഭവം. ത്രിമൂര്‍ത്തികള്‍, ശിവഭൂതഗണങ്ങള്‍, സരസ്വതി ദേവീ, നാരദ മഹര്‍ഷി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ശ്രീപരമേശ്വരന്‍ ദര്‍ഭപ്പുല്ലില്‍ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു എന്നാണ് വിശ്വാസം.
ദര്‍ഭപ്പുല്ലില്‍ നിന്നു സൃഷ്ടിക്കപ്പെട്ടവര്‍ എന്ന നിലയില്‍ ഇവരെ പുല്ലുവര്‍ എന്നു വിളിച്ചുവെന്നും കാലക്രമത്തില്‍ പുല്ലവര്‍ ഉച്ചാരണം മാറി പുള്ളുവരായി എന്നുമാണ് കരുതപ്പെടുന്നത്. ശിവന്‍ വീണയും ബ്രഹ്മാവ് കുടവും മഹാവിഷ്ണു കൈമണിയും സരസ്വതി സംഗീതവും നല്‍കി ഇവരെ അനുഗ്രഹിച്ചു. തുടര്‍ന്നു സര്‍പ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിനായി ഇവരെ ഭൂമിയിലേക്ക് യാത്രയാക്കി. ഈ കഥയാണ് പുള്ളുവര്‍ പാട്ടിലൂടെ അവതരിപ്പിക്കുന്നത്. നാഗങ്ങളുമായി ബന്ധപ്പെട്ട പുരാണ കഥകള്‍ മിക്ക പാട്ടുകളിലും ഉണ്ട്. സര്‍പ്പങ്ങളുടെ ഉത്പത്തി, കാളിയ മര്‍ദ്ദനം. പാലാഴി മഥനം തുടങ്ങിയ കഥകളും പാട്ടില്‍ പ്രചാരത്തിലുണ്ട്.
മഹാഭാരതത്തിലെ ഖാണ്ഡവദഹനത്തില്‍ പരാമര്‍ശിക്കുന്ന ജരിത, മന്ദപാലന്‍ എന്നീ പക്ഷികളുടെ പിന്മുറക്കാരാണ്് പുള്ളുവര്‍ എന്നു സൂചിപ്പിക്കുന്ന പുള്ളുവന്‍ പാട്ടുകളും നിലവിലുണ്ടെങ്കിലും ആദ്യ ഐതിഹ്യത്തിനാണ് പ്രചാരം കൂടുതല്‍.
മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ സംയോജിപ്പിക്കുന്നതില്‍ പുള്ളുവന്‍ പാട്ടുകള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. പൈതൃക സംരക്ഷണത്തിലും വലിയ പങ്ക് വഹിക്കുന്നവയാണെങ്കിലും ഇപ്പോള്‍ ഈ തനതു ഗാനശാഖയുടെ പ്രചാരം കുറഞ്ഞുവരികയാണ്. ഈ അനുഷ്ഠാന സംഗീതം അന്യം നിന്ന് പോകാതിരിക്കാന്‍ നമുക്കോരോരുത്തര്‍ക്കും പുള്ളുവ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാം.
സര്‍പ്പം തുള്ളല്‍
പുള്ളുവര്‍ നടത്തിവന്നിരുന്ന അനുഷ്ഠാന നൃത്തമാണ് സര്‍പ്പം തുള്ളല്‍. നാഗദേവതകളെ പ്രീതിപ്പെടുത്തുവാന്‍ വേണ്ടി നടത്തുന്ന ഈ കലാരൂപത്തിനു സര്‍പ്പംപാട്ട് എന്നും പേരുണ്ട്. സര്‍പ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും വീട്ടുമുറ്റങ്ങളിലും സര്‍പ്പം തുള്ളല്‍ നടത്താറുണ്ട്. ഇതിലും പുള്ളോര്‍ക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിക്കുന്നു. നാഗ സ്തുതികളാണ് പാടുന്നത്.
മണിപ്പന്തലില്‍ ആണ് സര്‍പ്പംപാട്ട് നടത്തുന്നത്. ആരംഭകാലങ്ങളില്‍ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന സര്‍പ്പംതുള്ളല്‍ ഇപ്പോള്‍ ഒമ്പത് ദിവസത്തിനപ്പുറം പോകാറില്ല. കുരുത്തോല കൊണ്ടാണ് മണിപ്പന്തല്‍ അലങ്കരിക്കുക. പന്തലിനു നടുവിലായി സര്‍പ്പക്കളം എഴുതും. പന്തല്‍ അലങ്കരിച്ച് തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് നാഗരൂപം കളത്തില്‍ വരയ്‌ക്കുക.
മണിപ്പന്തലിന്റെ നടുവില്‍ നിന്നാണ് കളമെഴുത്ത് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, മഞ്ഞളും ചുണ്ണാമ്പും ചേര്‍ത്തു തയാറാാക്കുന്ന ചുവപ്പ് പൊടി, ഉമിക്കരി, മഞ്ചാടി ഇലകള്‍ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നിങ്ങനെ തികച്ചും പ്രകൃതിദത്തമായ പഞ്ചവര്‍ണ്ണ പൊടികളാണ് കളമെഴുത്തിന് ഉപയോഗിക്കുക. മണിപ്പന്തലിന്റെ മധ്യത്തില്‍ നിന്നാണ് എഴുത്ത് ആരംഭിക്കുക. കളം വരക്കാന്‍ തുടങ്ങിയാല്‍ പൂര്‍ത്തീകരിച്ചേ നിര്‍ത്താവൂ എന്നാണ്. വരച്ചുതീര്‍ന്ന കളത്തില്‍ ചവിട്ടാനും പാടില്ല. തുളകള്‍ ഇട്ട ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപാധി.
പുള്ളുവ ദമ്പതികളുടെ വായ്പാട്ടിനും ഉപകരണ സംഗീതത്തിനുമൊത്ത് പുള്ളുവപ്പിണിയാളാണ് കളത്തിലെത്തി ഉറഞ്ഞാടുക.