തിരുവനന്തപുരം: ധര്‍മ്മസ്ഥല ക്ഷേത്രം നശിപ്പിക്കാന്‍ നിങ്ങളെയൊക്കെ ആരാണ് ഫണ്ട് ചെയ്യുന്നതെന്ന് നല്ല ധാരണ നാട്ടുകാര്‍ക്ക് ഉണ്ടെന്ന് യുരവാജ് ഗോകുല്‍. മൃതദേഹങ്ങള്‍ കുഴിച്ചിടാന്‍ ശുചീകരണത്തൊഴിലാളിക്ക് സഹായികള്‍ വേറെകുറെപ്പേര്‍ ഉണ്ടായിരുന്നുവെന്ന് ലോറി ഉടമ മനാഫ്.
ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ കൂട്ടക്കൊല സംബന്ധിച്ച ടിവി ചാനല്‍ ചര്‍ച്ച ബിജെപി യുവനേതാവ് യുവരാജ് ഗോകുലും ലോറി ഉടമ മനാഫും തമ്മിലുള്ള വലിയ തര്‍ക്കത്തിന് വേദിയായി. നൂറുകണക്കിന് മൃതദേഹങ്ങള്‍ ശുചീകരണത്തൊഴിലാളി ഒറ്റയ്‌ക്ക് കുഴിച്ചിട്ടു എന്നത് സാമാന്യ യുക്തിക്ക് നിരക്കുന്നതാണോ എന്നായിരുന്നു യുവരാജ് ഗോകുലിന്റെ ചോദ്യം. “ആര് പറഞ്ഞു അയാള്‍ ഒറ്റയ്‌ക്കാണ് മൃതദേഹങ്ങള്‍ അവിടെ കുഴിച്ചിട്ടതെന്ന്? കുഴിച്ചിടാന്‍ വേറെ ആളുകളും സഹായത്തിനുണ്ടായിരുന്നു”- ലോറി ഉടമ മനാഫിന്റെ മറുപടി. “അപ്പോള്‍ കുഴിച്ചിട്ട ബാക്കിയുള്ളവര്‍ എവിടെപ്പോയി?”എന്നായി യുവരാജ് ഗോകുലിന്റെ അടുത്ത ചോദ്യം. “ബാക്കിയുള്ളവര് അവിടെയുണ്ട്” എന്ന് മനാഫ്.
നൂറോളം സ്ത്രീകളുടെ ശവങ്ങള്‍ മറവുചെയ്തു എന്നത് കള്ളക്കഥയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തോട് വെളിപ്പെടുത്തിക്കഴിഞ്ഞതിന് ശേഷമാണ് വീണ്ടും ലോറി ഉടമ മനാഫ് അതിന് കടക വിരുദ്ധമായ പ്രസ്താവന നടത്തിയത്. “കുഴിച്ചിട്ടവര്‍ അവിടെ ഉണ്ടെങ്കില്‍ വിളിച്ചുകൊണ്ടുവരാമായിരുന്നല്ലോ. ജയിലില്‍ പോകുമ്പോള്‍ കൂട്ടത്തോടെ പോകാമല്ലോ”- എന്നായി യുവരാജ് ഗോകുല്‍. “അവിടെ ശവങ്ങള്‍ കുഴിച്ചിട്ട എത്രയാളെ നിങ്ങള്‍ക്ക് വേണം” എന്നായി മനാഫിന്റെ മറുചോദ്യം. “അപ്പോ അതിന്റെ സപ്ലൈയും ഉണ്ടോ?”- യുവരാജ് ഗോകുള്‍. “ഉണ്ടെന്ന് കൂട്ടിക്കോളീ”- എന്ന് മനാഫ്. ഇങ്ങിനെ മുറുകിയ വാഗ്വാദം ഒടുവില്‍ വെല്ലുവിളിയിലേക്ക് പോലും വഴിമാറി. “തന്നെപ്പോലെയുള്ള നന്മമരങ്ങള്‍ ഉയര്‍ന്ന് വന്നിട്ട് ഈ നാട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫ്രോഡ് പണികളുടെ ഏറ്റവും അവസാനത്തെ കണ്ണിയാ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിങ്ങളെയൊക്കെ ആരാ ഫണ്ട് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് നല്ല ധാരണയുണ്ട്.”- യുവരാജ് ഗോകുല്‍ തിരിച്ചടിച്ചപ്പോള്‍ ‘ജയിലില്‍ പോകാനും താന്‍ തയ്യാറാണെ’ന്നായിരുന്നു മനാഫിന്റെ മറുപടി.