
ന്യൂദൽഹി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അംഗം കെപി ശങ്കരദാസ് നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ബോർഡംഗമെന്ന നിലയിൽ സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രധാന ഉത്തരവാദിത്തമുണ്ടെന്നും നിങ്ങൾ ദൈവത്തെ പോലും വെറുതെവിട്ടില്ലെന്നുമുള്ള അതിരൂക്ഷ പ്രതികരണമാണ് കോടതിയിൽ നിന്ന് ഉണ്ടായിട്ടുള്ളത്.
ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ശങ്കർദാസിന്റെ ഹർജി തള്ളിയത്. ശങ്കർദാസിന്റെ പ്രായത്തിന്റെ കാര്യത്തില്‍ മാത്രം അനുകമ്പയുണ്ടെന്ന് പറഞ്ഞ കോടതി കേസിൽ ഹൈക്കോടതി പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ശബരിമലയില് സ്വർണകൊള്ള നടത്തിയതിന്റെ കൂട്ടുത്തരവാദിത്തം ശങ്കർ ദാസിനുണ്ടെന്നും എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ പരാർമശം.
കേസിൽ അറസ്റ്റിലായ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴുള്ള അംഗമായിരുന്നു ശങ്കർദാസ്. മുൻകൂർ ജാമ്യത്തിനായി കീഴ്കോടതിയെ സമീപിക്കാനും സുപ്രീംകോടതി നിർദ്ദേശിച്ചു. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിരവധി തവണ വിർമശനമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയും രൂക്ഷ ഭാഷയിൽ വിർമശിച്ചത്.