• Thu. Jan 23rd, 2025

24×7 Live News

Apdin News

നിങ്ങൾ ധരിച്ച വസ്ത്രങ്ങളുടെയും പകര്‍പ്പവകാശം ഞങ്ങള്‍ക്ക്; നയന്‍താരയ്‌ക്കെതിരെ ധനുഷ് കോടതിയില്‍

Byadmin

Jan 23, 2025


നയന്‍താര പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്ന് ധനുഷ്. ‘നാനും റൗഡി താന്‍’ ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളുടെയും അവര്‍ ധരിച്ച വസ്ത്രങ്ങളുടെയും വരെ പകര്‍പ്പവകാശം തങ്ങള്‍ക്കാണെന്ന് ധനുഷിന്റെ നിര്‍മ്മാണ കമ്പനിയായ വണ്ടര്‍ബാര്‍ ഫിലിംസ് മദ്രാസ് ഹൈകോടതിയെ അറിയിച്ചു.

ചിത്രത്തിലെ നായികയായിരുന്ന നടി നയന്‍താര, നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയില്‍ സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയില്‍, സിനിമയുടെ 28 സെക്കന്‍ഡ് പിന്നണി ദൃശ്യങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചു. ദൃശ്യങ്ങള്‍ ഉപയോഗിച്ചതിലൂടെ പകര്‍പ്പവകാശ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചെന്നും ധനുഷിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

എന്നാല്‍, നടപടിക്രമം പാലിക്കാത്ത കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് നെറ്റ്ഫ്‌ളിക്‌സും രംഗത്തെത്തി. ഇരുഭാഗങ്ങളുടെയും വാദങ്ങള്‍ രേഖപ്പെടുത്തിയ കോടതി, വിധി പറയുന്നത് തിയതി വ്യക്തമാക്കാതെ മാറ്റി. നയന്‍താരയുടെ വിവാഹ വിശേഷങ്ങള്‍ ചേര്‍ത്തൊരുക്കിയ ‘ബിയോണ്ട് ദ് ഫെയറി ടെയ്ല്‍’ ഡോക്യുമെന്ററിക്കെതിരെയാണ് കേസ്.

നാനും റൗഡി താന്‍ സിനിമയിലെ അണിയറ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് 10 കോടി രൂപ നഷ്ടപരിഹാരം ധനുഷ് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനടപടിക്കൊരുങ്ങി ധനുഷ് നോട്ടീസ് അയച്ചതിന് പിന്നാലെ നടനെതിരെ നയന്‍താര രംഗത്തെത്തിയിരുന്നു. 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയന്‍താര ധനുഷിന് മറുപടിയായി മൂന്ന് പേജുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.



By admin