ദർഭംഗ : ബിഹാറിലെ ‘ജംഗിൾ രാജ്’ അവസാനിപ്പിച്ചതിന് മുഖ്യമന്ത്രി നിതീഷ് കുമാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബുധനാഴ്ച ദർഭംഗയിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) തറക്കല്ലിടുകയും ഏകദേശം 12,100 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും ചെയ്ത ചടങ്ങിലാണ് മോദിയുടെ പരാമർശം.
ജംഗിൾ രാജ് യുഗത്തിൽ നിന്ന് സംസ്ഥാനത്തെ കരകയറ്റിക്കൊണ്ട് സദ്ഭരണത്തിന്റെ ഒരു മാതൃക നിതീഷ് സ്ഥാപിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഈ നേട്ടത്തിന് ഒരു പ്രശംസയും ഉയർന്നതല്ലെന്നും ജെഡിയു തലവൻ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
തുടർന്ന് എൻഡിഎ സർക്കാരിനു കീഴിലുള്ള ബിഹാറിന്റെ വികസനത്തിന് പ്രധാനമന്ത്രി ഊന്നൽ നൽകി സംസാരിച്ചു. വിവിധ മേഖലകളിലെ പ്രത്യേകിച്ച് ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളിലെ പുരോഗതിയെയും അദ്ദേഹം എടുത്തുപറഞ്ഞു.
ബിഹാർ വളരെയധികം വികസനത്തിന് സാക്ഷ്യം വഹിക്കുന്നുണ്ട്. എൻഡിഎ സർക്കാർ ജനങ്ങളുടെ ക്ഷേമത്തിന് പ്രതിജ്ഞാബദ്ധമാണ്. ബിഹാറിലെ മുൻ സർക്കാർ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. അവർ തെറ്റായ വാഗ്ദാനങ്ങൾ നൽകിയെന്നും മോദി പറഞ്ഞു. എന്നാൽ നിതീഷ് കുമാർ അധികാരത്തിൽ വന്നതിനുശേഷം സ്ഥിതി മെച്ചപ്പെട്ടുവെന്നും മോദി വ്യക്തമാക്കി.
കൂടാതെ സംസ്ഥാനത്തിന്റെ ആവർത്തിച്ചുള്ള വെള്ളപ്പൊക്ക പ്രശ്നങ്ങൾ പരിഹരിക്കാൻ എൻഡിഎ സർക്കാർ 11,000 കോടി രൂപയുടെ വെള്ളപ്പൊക്ക ലഘൂകരണ പദ്ധതി ആരംഭിച്ചതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.