അര്‍ജന്റീന ടീം എന്തുകൊണ്ട് ഇപ്പോള്‍ കേരളത്തിലേക്കില്ലെന്ന് വിശദീകരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്തുകയറി കായിക മന്ത്രി വി. അബ്ദുറഹിമാന്‍. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണ്ടിവരുമെന്നായിരുന്നു മന്ത്രിയുടെ അധിക്ഷേപം.
”തന്നോട് ഇവിടുന്ന് ഞാന്‍ തര്‍ക്കിക്കുന്നില്ല. അത് ശരിയാകില്ല. നിന്നോട് വര്‍ത്തമാനം പറയാന്‍ മറ്റേ ഭാഷ വേണം. ഫിഫയുടെ അനുമതിയുമായി ബന്ധപ്പെട്ട് പ്രശ്‌നം നിലനില്‍ക്കുന്നുണ്ട്. അത് പരിഹരിച്ചാല്‍ നവംബറില്‍ കളിക്കും. അല്ലാത്തപക്ഷം അടുത്ത വിന്‍ഡോയില്‍ ടീം കേരളത്തില്‍ കളിക്കും. അതില്‍ എന്താണിത്ര തെറ്റ്? ” -മന്ത്രി പറഞ്ഞു.
സ്‌പോണ്‍സറും സര്‍ക്കാറും തമ്മില്‍ സ്റ്റേഡിയം നവീകരണത്തിന് കരാറുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പറയാന്‍ മന്ത്രി തയാറായ്യില്ല.
അതേസമയം മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് വളരെ നല്ല നിലയില്‍ പ്രതികരിക്കാറുള്ള കായിക മന്ത്രി വി. അബ്ദുറഹ്‌മാന്റെ ഭാഗത്തുനിന്നുണ്ടായ അപമാര്യാദയോടെയുള്ള പെരുമാറ്റം അത്യന്തം ഖേദകരവും പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ അഭിപ്രായപ്പെട്ടു. മന്ത്രി മാധ്യമ പ്രവര്‍ത്തകരോട് മര്യാദയോടെ പെരുമാറണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റെജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ ആക്ഷേപിക്കുന്നവിധം സംസാരിച്ച മന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിക്കുന്നതായി മലപ്പുറം പ്രസ്‌ക്ലബ് പ്രസിഡന്റ് എസ്. മഹേഷ് കുമാര്‍, സെക്രട്ടറി വി.പി. നിസാര്‍ എന്നിവര്‍ പ്രസ്താവനയില്‍ അറിയിച്ചു.