
തിരുവനന്തപുരം: പുത്തരിക്കണ്ടത്ത് ബിജെപി പരിപാടിയില്‍ മോദിയുടെ ചിത്രവുമായി നിൽക്കുന്ന കൊച്ചു കുട്ടിയുടെയും, ആ ചിത്രം വാങ്ങാൻ എസ് പി ജിയോട് ആവശ്യപ്പെടുന്നതും സോഷ്യൽ മീഡിയയിൽ തരംഗമായി. പൊതുസമ്മേളനത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെയാണ് ജനക്കൂട്ടത്തിനിടയിൽ തന്റെ ചിത്രം ഉയർത്തിപ്പിടിച്ചു നിൽക്കുന്ന കുട്ടിയെ പ്രധാനമന്ത്രി ശ്രദ്ധിച്ചത്.
നീല സ്യൂട്ടും പലവർണ്ണങ്ങളുള്ള തലപ്പാവുമണിഞ്ഞ മോദിയുടെ മനോഹരമായ ചിത്രമാണ് ആ കുട്ടി വരച്ചു കൊണ്ടുവന്നത്. പ്രസംഗം പകുതിക്ക് വെച്ച് നിർത്തിയ പ്രധാനമന്ത്രി കുട്ടിയുമായി സംവദിക്കുകയായിരുന്നു. ‘സദസില്‍ നിന്ന് ഒരു കുട്ടി കുറെ നേരമായി ചിത്രം കാണിക്കുന്നു. നിന്റെ കൈ വേദനിക്കും. ചിത്രത്തിന് പിറകില്‍ നിന്റെ പേരും മേല്‍വിലാസവും കൂടി എഴുതുക. കത്ത് അയക്കാം. നിനക്ക് എല്ലാ ആശിര്‍വാദവും നല്‍കുന്നു. നിങ്ങളുടെ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നു. രാജ്യത്ത് എവിടെ പോയാലും ആ സ്‌നേഹം കാണാം’.പ്രധാനമന്ത്രി പറഞ്ഞു.’
ഈ കുട്ടികളുടെ സ്‌നേഹത്തെ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആ കുട്ടി കൊണ്ടുവന്ന സ്നേഹവും അനുഗ്രഹവുമാണ് ആ ചിത്രത്തിലുള്ളത്. അത് വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം, എന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ വലിയ കൈയടികളോടെയാണ് ജനക്കൂട്ടം സ്വീകരിച്ചത്.
റാലിക്കിടെ തനിക്കായി പുസ്തകം തയ്യാറാക്കി കൊണ്ടുവന്ന മറ്റൊരു സ്ത്രീയേയും പ്രധാനമന്ത്രി പ്രത്യേകം ശ്രദ്ധിക്കുകയും അവരുടെ സ്നേഹത്തിന് നന്ദി അറിയിക്കുകയും ചെയ്തു.