• Tue. Aug 5th, 2025

24×7 Live News

Apdin News

നിമിഷപ്രിയയുടെ മോചനം; വീണ്ടും ഗവര്‍ണറെ കണ്ട് ചാണ്ടി ഉമ്മന്‍

Byadmin

Aug 5, 2025


യെമനില്‍ തടവില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ മോചനത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഇന്ന് ഉച്ചയ്ക്കായിരുന്നു കൂടികാഴ്ച. പ്രവാസി വ്യവസായിയായ സാജന്‍ ലത്തീഫിനൊപ്പമാണ് ചാണ്ടി ഉമ്മന്‍ ഗവര്‍ണറെ കാണാനെത്തിയത്. നേരത്തെയും ചാണ്ടി ഉമ്മന്‍ നിമിഷ പ്രിയയുടെ മോചനത്തിനായി ഗവര്‍ണറെ കണ്ടിരുന്നു.

അതേസമയം നിമിഷപ്രിയയുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ രംഗത്തെത്തി. വധശിക്ഷ നടപ്പാക്കാന്‍ പുതിയ തീയതി നിശ്ചയിക്കണമെന്നും ഫത്താഹ് മഹ്ദി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഇയാള്‍ പ്രോസിക്യൂഷന് കത്ത് നല്‍കുകയും ചെയ്തു. ജൂലൈ പതിനാറിന് വധശിക്ഷ മാറ്റിവെച്ചശേഷം ഇത് രണ്ടാം തവണയാണ് അബ്ദുല്‍ ഫത്താഹ് മഹ്ദി കത്ത് നല്‍കുന്നത്.

ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു.

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അടക്കമുള്ളവരുടെ ഇടപെടലിനെ തുടര്‍ന്ന് വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടുകയായിരുന്നു.

പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ ജോലിയുടെ ഭാഗമായിട്ടാണ് യെമനില്‍ എത്തുന്നത്. 2017-ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദുമഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. ഇതിന് പിന്നാലെയാണ് കാന്തപുരത്തിന്റെ ഇടപെടലും വധശിക്ഷ നീട്ടുന്ന നടപടികളും ഉണ്ടായത്.

By admin