• Tue. Aug 26th, 2025

24×7 Live News

Apdin News

നിമിഷ പ്രിയയുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് വിദേശകാര്യമന്ത്രാലയം

Byadmin

Aug 19, 2025



ന്യൂദല്‍ഹി: യെമനില്‍ ജയിലില്‍ കഴിയുന്ന മലയാളി നേഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഇളവ് ചെയ്യാന്‍ പണം ശേഖരിക്കുന്നുവെന്ന പ്രചാരണം വ്യാജമെന്ന് സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം. വിദേശകാര്യമന്ത്രാലയത്തിന്റെ അക്കൗണ്ടില്‍ പണം അയയ്‌ക്കണമെന്ന കെഎ പോളിന്റെ പോസ്റ്റിനാണ് വിദേശകാര്യമന്ത്രാലയം വിശദീകരണം നല്‍കിയത്.

അക്കൗണ്ട് നമ്പര്‍ സഹിതമാണ് എക്‌സ് പ്ലാറ്റ് ഫോമിലെ കെഎ പോളിന്റെ പോസ്റ്റ്. 8.3 കോടി രൂപ ആവശ്യമെന്നാണ് പോസ്റ്റിലുളളത്.

അതിനിടെ, നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജി എട്ട് ആഴ്ചയ്‌ക്ക് ശേഷം പരിഗണിക്കാന്‍ സുപ്രീംകോടതി മാറ്റിയിരുന്നു. അടിയന്തര സാഹചര്യം ഉണ്ടായാല്‍ വീണ്ടും പരാമര്‍ശിക്കാനും നിര്‍ദേശം നല്‍കി.

വധശിക്ഷയുടെ തിയതി മാറ്റിയ കാര്യം നിമിഷപ്രിയയ്‌ക്കായി ഹാജരായ അഭിഭാഷകന്‍ സുഭാഷ് ചന്ദ്രന്‍ കോടതിയെ അറിയിച്ചു.ഈ സാഹചര്യത്തിലാണ് അടിയന്തര സാഹചര്യമുണ്ടായാല്‍ അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ടാണ് ഹര്‍ജി.

അതേസമയം, വധശിക്ഷയ്‌ക്ക് പുതിയ തിയതി നിശ്ചയിക്കണമെന്ന ആവശ്യം ആവര്‍ത്തിക്കുകയാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താ മെഹദി. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ തിയതി ആവശ്യപ്പെട്ട് അറ്റോര്‍ണി ജനറലിനെ കണ്ടതായി അബ്ദുല്‍ ഫത്താ മെഹദി വെളിപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.

By admin