തിരുവനന്തപുരം:വനം വകുപ്പ് കസ്റ്റഡിയിലെടുത്തയാളെ കെ യു ജനീഷ് കുമാര്‍ എംഎല്‍എ ബലമായി ഇറക്കിക്കൊണ്ടുപോയതിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാട്ടാന വൈദ്യുതാഘാതമേറ്റ് ചരിഞ്ഞ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചയാളെ എംഎല്‍എ ബലമായി ഇറക്കി കൊണ്ടുപോയത് വിവാദമായിരുന്നു. സംഭവത്തില്‍ ജനീഷ് കുമാറിനെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. ജോലി തടസപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുളള ഉദ്യോഗസ്ഥരുടെ പരാതിയിലും എംഎല്‍എക്കെതിരെ കേസുണ്ട്.
വന്യ മൃഗങ്ങള്‍ പെരുകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്റെ നിയന്ത്രണത്തിന് ആവശ്യമായ നടപടികള്‍ പ്രാവര്‍ത്തികമാക്കണം.വന്യമൃഗ ശല്യം തടയാന്‍ നായാട്ടിന് അനുമതി വേണ്ടതുണ്ട്. ഇത്തരം നടപടി രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. വന്യമൃഗങ്ങളെ തൊടാന്‍ പാടില്ലെന്ന നിലയിലാണ് ഇപ്പോള്‍ പോകുന്നത്. ഈ സാഹചര്യം മാറണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഇക്കാര്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്ര നിയമം ഇതിന് എതിരാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്യമൃഗങ്ങളെ നിയന്ത്രിക്കണമെങ്കില്‍ നായാട്ട് ആണ് ഒരു വഴി. വന്യജീവി നിയമത്തില്‍ കാലാനുസൃതമായ മാറ്റം വരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.