
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ രണ്ടാംവാരത്തോടെ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് റിപ്പോർട്ട്. കേരളത്തിൽ ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ലക്ഷ്യമിടുന്നത്. ഭരണഘടനാപരമായ സമയപരിധി പ്രകാരം, മേയ് ഏഴിനുമുൻപായി കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാക്കേണ്ടതുണ്ട്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി, കേന്ദ്ര ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മിഷണർ തിങ്കളാഴ്ച കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാരുമായി പ്രാഥമിക ചർച്ച നടത്തി. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളും പ്രത്യേകിച്ച് ക്രമസമാധാന പ്രശ്നങ്ങളുമാണ് യോഗത്തിൽ മുഖ്യമായി പരിഗണിച്ചത്.
കേരളം, തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെ സിഇഒമാരാണ് ചർച്ചയിൽ പങ്കെടുത്തത്. സുരക്ഷാ സംവിധാനങ്ങൾ, പോളിങ് ക്രമീകരണങ്ങൾ, കേന്ദ്രസേനയുടെ വിന്യാസം തുടങ്ങിയ വിഷയങ്ങളിലാണ് വിശദമായ അവലോകനം നടന്നത്. 2023ൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് ആവശ്യമായ കേന്ദ്രസേന അനുവദിക്കണമെന്ന് കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ ആവശ്യപ്പെട്ടു.
ഇതിന്റെ തുടർനടപടിയായി, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ്‌കുമാറിന്റെ നേതൃത്വത്തിൽ കമ്മിഷണർമാരായ ഡോ. സുഖ്‌വിന്ദർ സിങ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ഫെബ്രുവരി ആദ്യവാരം അഞ്ച് സംസ്ഥാനങ്ങളിലും നേരിട്ടുള്ള പര്യടനം നടത്തും. സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് ഈ സന്ദർശനം.