തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടകവേദി കീഴടക്കി കൗമാരപ്രതിഭകള്‍. മൂന്നാം വേദിയായ ടാഗോര്‍ തിേയറ്ററില്‍ ഇന്നലെ നിറഞ്ഞ സദസിലാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗം നാടകമത്സരം അരങ്ങേറിയത്. നിശ്ചയിച്ചതിലും ഒരു മണിക്കൂര്‍ വൈകി 10.30ന് ആരംഭിച്ച നാടകമത്സരം കാണുന്നതിന് തലസ്ഥാനത്തെ നാടകാസ്വാദകര്‍ക്ക് പുറമേ മറ്റു ജില്ലകളില്‍ നിന്നുള്ള നിരവധി നാടകാസ്വാദകരും എത്തി.
ടാഗോര്‍ തിയേറ്ററില്‍ വലിയ തിരക്ക് അനുഭവപ്പെട്ടതോടെ കാണികള്‍ ഇരിക്കാന്‍ സീറ്റില്ലാത്തതിനെ തുടര്‍ന്ന് നിലത്തിരുന്നു നാടകം ആസ്വദിച്ചു. ഇടവേള സമയത്ത് ആര്‍പ്പുവിളിച്ചും പാട്ടുകള്‍ പാടിയും കാണികളും ആവേശം പങ്കുവച്ചു. മത്സരങ്ങള്‍ വൈകിയെങ്കിലും മത്സരാര്‍ത്ഥികള്‍ വേഷങ്ങള്‍ പകര്‍ന്നാടിയപ്പോള്‍ സദസിനും ഉറക്കം വന്നില്ല. അതേസമയം ടാഗോര്‍ തിയേറ്ററിന്റെ മുന്‍നിരയില്‍ വിഐപികള്‍ക്കായി കസേരകള്‍ ഒഴിച്ചിട്ടത് രാവിലെ തര്‍ക്കത്തിനിടയാക്കി. പിന്നീട് ഇത് ഒഴിവാക്കി. പത്തു മണിയോടെ വേദിയുടെ പിന്നണിയില്‍ തിരക്കുണ്ടായതോടെ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. നാടകത്തിന്റെ വിധികര്‍ത്താക്കള്‍ക്ക് സമീപം ഇരിക്കാന്‍ ശ്രമിച്ചവരെയും സംഘാടകര്‍ പിന്തിരിപ്പിച്ചു. 15 മിനിറ്റാണ് വേദി ഒരുക്കുന്നതിനായി ടീമുകള്‍ക്ക് അനുവദിച്ചിരുന്നത്. നാടകങ്ങളുടെ ഇടവേളകളില്‍ നാടകഗാനങ്ങള്‍ പാടിയും കൈയ്യടിച്ചും നാടകാസ്വാദകര്‍ നാടകമത്സരം ആഘോഷമാക്കി.
വേദിയില്‍ അരങ്ങേറിയ നാടകങ്ങളില്‍ പലതും സാമൂഹിക വിമര്‍ശനത്തിന്റെ കൂരമ്പുകളായിരുന്നു. പുരാണത്തിലെ രാവണനും മണേ്ഡാദരിയും ആദ്യം അരങ്ങേറി. കണ്ണൂര്‍ മാനന്തവാടി ജിവിഎച്ച് എസിലെ വിദ്യാര്‍ത്ഥികളാണ് ചരിത്രനാടകത്തിലൂടെ ആനുകാലിക സംഭവങ്ങള്‍ രസകരമായി അവതരിപ്പിച്ചത്. രമേഷ് പുല്ലപ്പള്ളി, സുരേന്ദ്രന്‍ കല്ലൂര്‍ എന്നിവരാണ് തിരക്കഥ തയ്യാറാക്കിയത്. സര്‍ക്കാരിനെ വിമര്‍ശിച്ചു സ്ത്രീവിരുദ്ധതയ്‌ക്കും പീഡനങ്ങള്‍ക്കും കുട്ടികള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍, രാവണന്റെ നിറത്തിന്റെ രാഷ്‌ട്രീയം, ജാതിവ്യവസ്ഥയ്‌ക്കെതിരെയുള്ള പ്രതിഷേധം, സ്ത്രീകള്‍ക്കെതിരെയുള്ള അനീതി, സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള അവബോധം എന്നിവയായിരുന്നു നാടകങ്ങളിലെ പ്രധാന വിഷയങ്ങള്‍ 14 ജില്ലകളില്‍ നിന്നും 18 ടീമുകളുടെ നാടകങ്ങളാണ് അരങ്ങിലെത്തിയത്. ചലച്ചിത്ര താരം ശരത്ത് അപ്പാനി, സംവിധായകനും നിര്‍മാതാവും അഭിനേതാവുമായ എം.എ. നിഷാദ്, നാടക പ്രവര്‍ത്തകന്‍ ബിനു ജോസഫ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍. നാടക, ചലച്ചിത്രതാരം സന്തോഷ് കീഴാറ്റൂര്‍, സീരിയല്‍ നടന്‍ ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന വിപുലമായ സദസ്സിന് മുന്നില്‍ നാടകം അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചു.