മലപ്പുറം: സ്ത്രീകള്‍ പൊതു ഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെടരുത് എന്ന വിവാദ പ്രസ്താവനയില്‍ ഉറച്ച് കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍. രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തി പറയേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍ എന്ന നിലപാട് അദ്ദേഹം വീണ്ടും ആവര്‍ത്തിക്കുകയായിരുന്നു. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്‌കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗത സംഘ രൂപീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് പഴയ നിലപാട് അദ്ദേഹം ആവർത്തിച്ചത്.
സമസ്ത ഇവിടെ പറഞ്ഞിട്ടുള്ള ഏത് കാര്യവും തികച്ചും ആലോചിച്ച് ചിന്തിച്ച് പരിശോധിച്ച് മാത്രമാണ്. അതിനാൽത്തന്നെ സമസ്ത പണ്ഡിതൻമാർക്ക് ഒരിക്കൽ പറഞ്ഞ കാര്യം പിന്നീട് തിരുത്തി പറയേണ്ട അവസ്ഥ വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അന്യപുരുഷന്മാർക്കിടയിലോ പൊതു ഇടങ്ങളിലോ സ്ത്രീകളെകൊണ്ടുവരരുതെന്ന സമസ്ത കാന്തപുരം വിഭാഗത്തിന്റെ സർക്കുലർ വലിയ വിവാദമായിരുന്നു. മത ആഘോഷങ്ങളിൽ അതിർവരമ്പ് ലംഘിക്കരുതെന്നാണ് സർക്കുലറിൽ പറഞ്ഞത്. നബിദിന റാലിയിൽ പലയിടത്തും സ്ത്രീകളുടെ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെ പ്രകോപിപ്പിച്ചത്. പരിപാടികൾ നടത്തേണ്ടത് ഇസ്ലാമിക മാനദണ്ഡം വച്ചായിരിക്കണം. നിരത്തുകളിലും വേദിയിലും അന്യ പുരുഷന്മാർക്കിടയിൽ സ്ത്രീകളെ പ്രദർശിപ്പിക്കരുതെന്നും ഇസ്ലാമികമല്ലാത്ത ആചാരങ്ങൾ കൂട്ടിചേർക്കരുതെന്നും മഹല്ലുകൾക്ക് നൽകിയ സർക്കുലറിലുണ്ടായിരുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം ഇന്ന് കാന്തപുരത്തെ സന്ദര്‍ശിക്കാന്‍ എത്തുന്നതിനിടെ കൂടിയാണ് വിവാദ പ്രസ്താവനയില്‍ ഉറച്ച് നില്‍ക്കുന്ന സമീപനം അദ്ദേഹം സ്വീകരിക്കുന്നത്. തന്റെ രാജ്യത്ത് സ്ത്രീകള്‍ക്ക് തുല്യ നീതി ആണെന്ന് ഇന്നലെ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ച മലോഷ്യന്‍ പ്രധാനമന്ത്രി കാന്തപുരത്തിന്റെ പരാമര്‍ശത്തെ തള്ളിയിരുന്നു.