ആലപ്പുഴ: നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെത്തുടർന്നുള്ള മനോവിഷമത്തിൽ ഐ.ടി. ഉദ്യോഗസ്ഥയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അരൂർ 23-ാം വാർഡ് കിഴക്കേവേലിക്കകത്ത് അജയന്റെ മകൾ അനഘ (25) ആണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് ബന്ധുക്കൾ മൃതദേഹം കിടപ്പുമുറിയിൽ കണ്ടെത്തിയത്.
അബുദാബിയിൽ ജോലി ചെയ്യുന്ന തൃശ്ശൂർ അന്നകര സ്വദേശിയുമായി ഫെബ്രുവരിയിലായിരുന്നു അനഘയുടെ വിവാഹം നിശ്ചയിച്ചിരുന്നത്.
സെപ്റ്റംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം, ഇരുകൂട്ടർക്കുമിടയിലുണ്ടായ ചില തർക്കങ്ങളെ തുടർന്ന് അടുത്ത ബന്ധുക്കൾ ഇടപെട്ട് വേണ്ടെന്നു വെക്കുകയായിരുന്നു. വിവാഹം റദ്ദാക്കുന്നത് സംബന്ധിച്ച് അന്തിമമായി സംസാരിക്കാനിരിക്കെ, വീട്ടുകാരെ അറിയിക്കാതെ ചൊവ്വാഴ്ച അനഘ അബുദാബിയിലേക്ക് തിരിക്കുകയും പ്രതിശ്രുത വരനെ നേരിൽ കാണുകയും ചെയ്തു. ഈ വിവരം വരന്റെ ബന്ധുക്കളാണ് അനഘയുടെ വീട്ടുകാരെ അറിയിക്കുന്നത്.
തുടർന്ന് ഇരുകൂട്ടരുടെയും ആവശ്യപ്രകാരം അനഘയും യുവാവും ബുധനാഴ്ച തിരികെ നാട്ടിലെത്തുകയായിരുന്നു. വീട്ടിലെത്തിയതിന് ശേഷം രാത്രിയോടെയാണ് യുവതി ജീവനൊടുക്കിയത്. മരണത്തിന് തൊട്ടുമുമ്പ് അനഘ യുവാവിനും തന്റെ അമ്മയുടെ ഫോണിലേക്കും സന്ദേശങ്ങൾ അയച്ചിരുന്നു. വരന്റെ അമ്മയോട് ഇതൊന്നും അഭിനയമായിരുന്നില്ല എന്ന് പറയണമെന്നാണ് യുവതി സന്ദേശത്തിൽ കുറിച്ചിരുന്നത്.
വരനും അമ്മയുമാണ് മരണത്തിന് കാരണമെന്ന് അടുത്ത ബന്ധുക്കൾ ആരോപിച്ചു.സംഭവത്തിൽ അടുത്ത ദിവസം പൊലീസിൽ ഔദ്യോഗികമായി പരാതി നൽകുമെന്ന് ബന്ധുക്കൾ വ്യക്തമാക്കി. യുവതി ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ലാപ്‌ടോപ്പും അരൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.
പ്യാരിയാണ് മാതാവ്; അനന്തു സഹോദരനാണ്.