• Tue. Oct 22nd, 2024

24×7 Live News

Apdin News

നീറ്റ് പരീക്ഷാ ഉത്തരക്കടലാസ് ചോര്‍ത്തി അയച്ചുകൊടുത്തത് ടെലഗ്രാം ആപ് വഴി; ദല്‍ഹി സിആര്‍പിഎഫ് സ്കൂളിലെ സ്ഫോടനത്തിലും ടെലഗ്രാം ഗ്രൂപ്പ്

Byadmin

Oct 22, 2024


റഷ്യയില്‍ നിര്‍മ്മിക്കപ്പെട്ട ടെലഗ്രാം ആപ് ലോകമെമ്പാടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. എക്സ്, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ ജനപ്രിയ സമൂഹമാധ്യമപ്ലാറ്റ് ഫോമുകളേക്കാളുമൊക്കെ അതീവരഹസ്യമായി ചെറുസംഘങ്ങള്‍ക്ക് കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഉപയോഗിക്കാവുന്ന ഫലപ്രദമായ  പ്ലാറ്റ് ഫോമാണ് ടെലഗ്രാം ആപ്.

ഇതില്‍ പങ്കുവെയ്‌ക്കപ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഒറ്റനോട്ടത്തില്‍ കണ്ടെത്തുക ബുദ്ധിമുട്ടാണ്. മാത്രമല്ല, രഹസ്യമായി കാര്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇതുപോലെ നിരവധി സാധ്യതകളാണ് ടെലഗ്രാമില്‍ ഉള്ളത്. നീറ്റ് പരീക്ഷയുടെ ഉത്തരക്കടലാസ് ചോര്‍ന്നത് ഈയിടെ മോദി സര്‍ക്കാരിനെതിരെ പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വലിയ രാഷ്‌ട്രീയആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീട് സിബിഐ എത്തി ഇതിന് പിന്നിലെ സംഘങ്ങളെ പൊക്കി. മോദി സര്‍ക്കാറിന് കാര്യക്ഷമത കുറവാണ്, മോദി സര്‍ക്കാരിലെ നിഷ്പക്ഷമായി പരീക്ഷനടത്താന്‍ നിയോഗിക്കപ്പെട്ട എന്‍ടിഎ എന്ന സ്ഥാപനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നെല്ലാം വരുത്തിത്തീര്‍ക്കാന്‍ നീറ്റ് വിവാദത്തെ പ്രതിപക്ഷം ഉപയോഗിച്ചിരുന്നു.

അന്ന് ജാര്‍ഖണ്ഡിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലും വൈസ് പ്രിന്‍സിപ്പലും ഉള്‍പ്പെടെയുള്ളവര്‍ നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പര്‍ പരീക്ഷ തുടങ്ങുന്നതിന് അല്‍പം മുന്‍പ് ചോര്‍ത്തുകയും പിന്നീട് അത് പരീക്ഷപേപ്പര്‍ അതിവേഗം സോള്‍വ് ചെയ്യുന്ന സംഘത്തിന്റെ കയ്യില്‍ എത്തിക്കുകയും അവര്‍ തയ്യാറാക്കിയ ഉത്തരക്കടലാസുകള്‍ ശരവേഗത്തില്‍ ടെലഗ്രാം ആപ് ഉപയോഗിച്ചാണ് നീറ്റ് എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചുകൊടുത്തത്.

ഇപ്പോള്‍ ഇതേ ടെലഗ്രാമിലെ മറ്റൊരു രഹസ്യഗ്രൂപ്പാണ് ദല്‍ഹിയിലെ സിആര്‍പിഎഫ് സ്കൂളിനുമുന്‍പില്‍ ബോംബ് സ്ഫോടനം നടത്തിയതെന്ന് പറയുന്നു. ആളപായമുണ്ടായില്ലെങ്കിലും തലസ്ഥാനനഗരിയിലെ സ്ഫോടനം ഞെട്ടലായിരുന്നു. സ്ഫോടനസ്ഥലത്ത് പരന്നുകിടന്നിരുന്ന വെളുത്തപൊടിയാണ് തീവ്രതയില്ലാത്ത സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പറയുന്നു. ഇവിടെ സ്ഫോടനത്തില്‍ സിസിടിവി ക്യാമറ തകര്‍ന്നിരുന്നു. എങ്കിലും അതില്‍ സ്ഫോടനത്തിന്റെ തലേദിവസം അജ്ഞാതന്‍ ആ പ്രദേശത്ത് സന്ദര‍്ശനം നടത്തിയതായി പറയുന്നു. ഈ സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗ്രൂപ്പും ഉപയോഗിച്ചത് ടെലഗ്രാം ആപ് തന്നെയാണ്. ടെലഗ്രാമിലെ ഈ ഗ്രൂപ്പ് ഖലിസ്ഥാന്‍ ആശയമുള്ള ഒരു സംഘമാണെന്ന് പറയപ്പെടുന്നു. അതായത് രാജ്യത്തെ തുണ്ടും തുണ്ടമാക്കി മുറിക്കാനുള്ള തുക് ഡെ തുക് ഡെ ഗ്യാങ്ങുകള്‍ക്ക് രഹസ്യമായി ഇന്ത്യയില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പറ്റിയ പ്ലാറ്റ് ഫോമായി ടെലഗ്രാം മാറുകയാണ്.

ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ഹോങ്കാങ്ങില്‍ സമരം ചെയ്ത സംഘങ്ങള്‍ ഉപയോഗിച്ചത് ടെലഗ്രാം തന്നെയാണ്. ഈയിടെ ടെലഗ്രാം സ്ഥാപകനായ റഷ്യക്കാരനായ പാവെല്‍ ഡുറോവിനെ ഫ്രാന്‍സ് അറസ്റ്റ് ചെയ്തിരുന്നു. സൈബര്‍ ഗുണ്ടായിസം, മയക്കമരുന്ന് കടത്ത്, ചൂതാട്ടം, തീവ്രവാദപ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കല്‍ തുടങ്ങിയ കുറ്റക്യത്യങ്ങള്‍ക്കെല്ലാം ടെലഗ്രാം ആപ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന ഫ്രാന്‍സിലെ സര്‍ക്കാര്‍ പാവെല്‍ ഡുറോവിനെ അറസ്റ്റ് ചെയ്തത്.

ബലംപ്രോയഗിച്ച് പണം തട്ടിയെടുക്കുന്നതിനും ചൂതാട്ടത്തിനും തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്കും എല്ലാം ടെലഗ്രാം ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരവകുപ്പും ഇലക്ട്രോണിക്സ് ആന്‍റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി വകുപ്പും ചേര്‍ന്ന് ടെലഗ്രാമിനെതിരെ അന്വേഷണം നടത്തിവരികയാണ്. കൃത്യമായ തെളിവുകള്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ ടെലഗ്രാമിനെ ഇന്ത്യയിലും നിരോധിക്കാന്‍ സാധ്യതയുണ്ട്.

 

 

 

 



By admin