ന്യൂദല്‍ഹി: ദാരുണമായി കൊല്ലപ്പെടും മുമ്പ് ലെഫ്റ്റനന്റ് വിനയ് നര്‍വാളും ഭാര്യയും നൃത്തം ചെയ്യുന്നുവെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയില്‍ കാണുന്നത് അവരല്ല. തങ്ങളാണ് ആ വീഡിയോ ക്‌ളിപ്പിലെ ദമ്പതികള്‍ എന്ന് വെളിപ്പെടുത്തി റെയില്‍വേ ഉദ്യോഗസ്ഥനായ ആശിഷ് സെഹ്റാവത്തും യാഷിക ശര്‍മ്മയും രംഗത്തു വന്നു. പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വിനയ് നര്‍വാളും ഭാര്യ ഹിമാന്‍ഷി സൊവാമിയും നൃത്തം ചെയ്യുന്നുവെന്ന തരത്തില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടയാണ് ഈ വിശദീകരണം. വിനയ് നര്‍വാളിന്‌റെ കുടുംബവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
പഹല്‍ഗാമിലെ ബൈസരന്‍ താഴ്വരയുടെ പശ്ചാത്തലത്തില്‍ യുവ ദമ്പതികള്‍ നൃത്തം ചെയ്യുന്ന 19 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് തെറ്റിദ്ധരിപ്പിക്കും വിധം പ്രചരിക്കുന്നത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ചെയ്യുന്ന സെഹ്റാവത്ത് 14 ന് കശ്മീരിലെ അവധിക്കാല യാത്രയ്‌ക്കിടെ റെക്കോര്‍ഡുചെയ്ത വീഡിയോയാണിത്.