നെടുമ്പാശ്ശേരിയില്‍ യുവാവിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്. ഐവിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് എസ് ഐ വിനയകുമാര്‍ വാഹനമിടിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. സൈഡ് നല്‍കാതെ വാഹനം ഓടിച്ച വിനയകുമാറിനെ ഐവിന്‍ ചോദ്യം ചെയ്തിരുന്നു.
ഇതിനിടയില്‍ പ്രതികള്‍ കാറെടുത്ത് പോകാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വന്നിട്ട് പോയാല്‍ മതി എന്ന് ഐവിന്‍ പറഞ്ഞിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായത്. പിന്നാലെ ഐവിനെ വിനയകുമാര്‍ ബോണറ്റില്‍ ഇട്ട് കൊണ്ട് പോവുകയും റോഡിലേക്ക് തെറിച്ച് വീണ ഐവിന്‍ കാറിനടിയില്‍പ്പെടുകയുമായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ പെട്ട ഐവിനെ ഇയാള്‍ 37 മീറ്റര്‍ വലിച്ചിഴച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞദിവസം നായത്തോട് വെച്ചാണ് സംഭവം. എസ് ഐ വിനയകുമാര്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ച് തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയെ ഒരു കിലോമീറ്ററോളം ബോണറ്റില്‍ ഇട്ട് വാഹനം ഓടിക്കുകയായിരുന്നു. പിന്നാലെ കാറിനടിയില്‍പെട്ട ഐവിനെ വീണ്ടും ഇയാള്‍ വലിച്ചിഴയ്ക്കുകയായിരുന്നു. വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു ദാരുണകൊലപാതകം.