• Sat. Dec 27th, 2025

24×7 Live News

Apdin News

നെടുവത്തൂരില്‍ ചരിത്രം കുറിച്ച് വിദ്യ.വി; പഞ്ചായത്തിന് ഇനി ബിജെപി അമരക്കാരി

Byadmin

Dec 27, 2025



കൊട്ടാരക്കര: നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലേക്ക് ബിജെപി പ്രതിനിധി വിദ്യ.വി. തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിയില്‍ നിന്നൊരാള്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്. കൊല്ലം ജില്ലയില്‍ ബിജെപി ഭരിക്കുന്ന ഏക പഞ്ചായത്ത് എന്ന സ്ഥാനവും ഇനി നെടുവത്തൂരിന് സ്വന്തം.

19 വാര്‍ഡുകളുള്ള നെടുവത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ആദ്യ റൗണ്ടില്‍ ബിജെപി 8, എല്‍ഡിഎഫ് 7, യുഡിഎഫ് 4 എന്നിങ്ങനെയായിരുന്നു വോട്ട് നില. ഏറ്റവും കുറഞ്ഞ വോട്ട് ലഭിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി പുറത്തായതോടെ നടന്ന രണ്ടാം റൗണ്ട് വോട്ടെടുപ്പിലാണ് വിദ്യ വി. വിജയം ഉറപ്പിച്ചത്.

2010-ലാണ് ആദ്യമായി നെടുവത്തൂര്‍ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. അന്ന് ബിജെപിയുടെ ഏക അംഗമായിരുന്നു അവര്‍. 2015-ല്‍ രണ്ടാം തവണയും വിജയം ആവര്‍ത്തിച്ചപ്പോള്‍ വിദ്യയ്‌ക്കൊപ്പം പാര്‍ട്ടിക്ക് മൂന്ന് അംഗങ്ങളെ കൂടി പഞ്ചായത്തിലെത്തിക്കാന്‍ സാധിച്ചു. 2020 ല്‍ വാര്‍ഡ് പട്ടികജാതി സംവരണമായതിനെതുടര്‍ന്ന് മറ്റൊരു വിദ്യ ബിജെപി സ്ഥാനാര്‍ത്ഥിയായി ജയിച്ചു. ബിജെപിക്ക് അന്ന് ഏഴ് അംഗങ്ങളായിരുന്നു പഞ്ചായത്തില്‍. ഇപ്പോഴത്തെ തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയവും പ്രസിഡന്റ് സ്ഥാനവും വിദ്യയെ തേടിയെത്തിയത്. കരുവായം വാര്‍ഡില്‍ നിന്നുള്ള അംഗമായ വിദ്യ 273 വോട്ടുകള്‍ക്കാണ് ഇത്തവണ വിജയിച്ചത് . വാര്‍ഡില്‍ നിന്നുള്ള ഹാട്രിക് വിജമാണ് വിദ്യയുടേത്.

പഞ്ചായത്തിലെ ബിജെപിയുടെ ആദ്യ അംഗം എന്ന നിലയില്‍ നിന്നും ആദ്യ പ്രസിഡന്റ് എന്ന പദവിയിലേക്കുള്ള വിദ്യയുടെ വളര്‍ച്ച പ്രവര്‍ത്തകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തത്. വികസന മുരടിപ്പിന് അറുതി വരുത്തുമെന്നും എല്ലാവരെയും ഏകോപിപ്പിച്ചു കൊണ്ട് നെടുവത്തൂരിനെ മാതൃകാ പഞ്ചായത്താക്കുമെന്നും സത്യപ്രതിജ്ഞയ്‌ക്ക് ശേഷം വിദ്യ.വി പ്രതികരിച്ചു. വികസനത്തില്‍ രാഷ്ടീയം കലര്‍ത്താതെ ബിജെപിയുടെ വികസിത നെടുവത്തൂര്‍ എന്ന ആശയം നടപ്പാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് വിദ്യ പറഞ്ഞു.

By admin