തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധിക്കേസില്‍ കല്ലറ ഇന്ന് പൊളിക്കില്ല. സബ് കളക്ടറുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര പൊലീസ് സ്‌റ്റേഷനില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം.
ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്നുളള സാഹചര്യത്തെ തുടര്‍ന്നാണ് നടപടി. കല്ലറ പൊളിക്കുന്നതിനെതിരെ സ്‌റ്റേ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കുടുംബം.
സമാധി പൊളിച്ച് പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഫോറെന്‍സിക്ക് സംഘവും സ്ഥലത്ത് എത്തിയപ്പോള്‍ ഒരുവിഭാഗം നാട്ടുകാരും കുടുംബവും പ്രതിഷേധവുമായി രംഗത്തെത്തി. കല്ലറയ്‌ക്ക് സമീപം കുടുംബാംഗങ്ങള്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് കുടുംബത്തെ സ്ഥലത്ത് നിന്ന് നീക്കിയെങ്കിലും ചിലര്‍ സമാധി തുറക്കുന്നതിനെതിരെ രംഗത്തെത്തി. ആചാരാനുസരണമാണ് അച്ഛനെ സമാധിയിരുത്തിയതെന്നും ഒരു നോട്ടീസ് പോലും നല്‍കാതെയാണ് സമാധി പരിശോധിക്കാനുള്ള നടപടിയെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം.
ഇതോടെ ഇരു വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥയായി. ഇതോടെ നടപടി നിര്‍ത്തിവെക്കാന്‍ സബ് കളക്ടര്‍ തീരുമാനിച്ചു.കുടുംബത്തിന്റെ ഭാഗം കേള്‍ക്കുമെന്നും കുറച്ച് സമയം കൂടി വേണ്ടിവരുമെന്നും സബ് കളക്ടര്‍ പറഞ്ഞു.
അതിനിടെ , ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കുമെന്നും എന്നാല്‍ എന്ന് പൊളിക്കണം എന്നുള്ള തീരുമാനം ചൊവ്വാഴ്ച എടുക്കുമെന്നും സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ ഭാഗം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും മതപരമായ വിഷയമുണ്ടാക്കാന്‍ ജില്ലാ ഭരണകൂടം ശ്രമിക്കുകയല്ല ഇതില്‍ ഉണ്ടായിട്ടുള്ള അസ്വാഭാവികത പുറത്തുകൊണ്ടുവരിക മാത്രമാണ് ചെയ്യുന്നതെന്നും സബ് കളക്ടര്‍ അറിയിച്ചു.